ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച വീട്ടമ്മ മരിച്ചു; അവശയായി കാറില്‍ കിടന്നത് രണ്ട് ദിവസം
വീട്ടിലേക്കുള്ള യാത്രക്കിടെ ഭര്‍ത്താവ് മൂത്രം ഒഴിക്കാനെന്ന് പറഞ്ഞ് പുറത്ത് പോയെന്നും പിന്നീട് തിരിച്ച് വന്നില്ലെന്നാണ് ലൈലാമണി പോലിസിനോട് പറഞ്ഞത്.
കോട്ടയം: ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. ജനുവരി 17 നാണ് അടിമാലി റോഡില്‍ കാറിനുള്ളില്‍ അവശനിലയില്‍ ലൈലാമണിയെ കണ്ടെത്തിയത്. രോഗിയായ വീട്ടമ്മയെ രണ്ടാം ഭര്‍ത്താവ് മാത്യൂ ഉപേക്ഷിച്ച് പോയതായിരുന്നു. രണ്ടുദിവസമാണ് പാതയോരത്ത് ഉപേക്ഷിച്ച കാറില്‍ ശരീരം പാതി തളര്‍ന്ന വീട്ടമ്മ കഴിഞ്ഞത്. അവശനിലയിലായ വീട്ടമ്മയെ പോലിസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മകന്‍ എത്തിയ ശേഷം മറ്റ് നടപടി ക്രമങ്ങള്‍ സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മാത്യുവിന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ ഭര്‍ത്താവ് മൂത്രം ഒഴിക്കാനെന്ന് പറഞ്ഞ് പുറത്ത് പോയെന്നും പിന്നീട് തിരിച്ച് വന്നില്ലെന്നാണ് ലൈലാമണി പോലിസിനോട് പറഞ്ഞത്. മുന്‍പും ഇതേ രീതിയില്‍ ലൈലാമണിയെ ഉപേക്ഷിക്കാനുള്ള ശ്രമം മാത്യൂ നടത്തിയിരുന്നു. തിരുവനന്തപുരത്ത് വെഞ്ഞാറംമൂട് വച്ചായിരുന്നു അത്. അന്ന് പോലിസ് ബന്ധുക്കളെ കണ്ടെത്തി ലൈലാമണിയെ അവര്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. ലൈലാമണിയുടെ ചികിത്സയ്ക്ക് എന്ന പേരില്‍ മാത്യു വ്യാപകമായി പണപ്പിരിവ് നടത്തിയിരുന്നതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ മാധ്യമങ്ങളില്‍ നിന്നുളള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ലൈലാമണിയുടെ മകന്‍ അമ്മയെ തിരഞ്ഞ് എത്തിയിരുന്നു. ഇവരുടെ ആദ്യ ഭര്‍ത്താവിലുള്ള മകന്‍ മഞ്ജിത്താണ് അമ്മയെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞ് ആശുപത്രിയില്‍ എത്തിയത്.
വയനാട് തലപ്പുഴ വെണ്മണിയില്‍ ആയിരുന്നു രണ്ടാം ഭര്‍ത്താവുമൊത്ത് ലൈലാമണി താമസിച്ചിരുന്നത്. തിരുവനന്തപുരം കല്ലറ സ്വദേശിയാണ് ഇവര്‍. 22 വര്‍ഷം മുമ്പാണ് ആദ്യ ഭര്‍ത്താവ് മരിച്ചത്. അതിന് ശേഷം 2014 മുതലാണ് മാത്യുവിനൊപ്പം താമസിച്ചിരുന്നത്. മാത്യുവിന് ഏതെങ്കിലും തരത്തില്‍ അപായം പറ്റിയതാകുമോ എന്നായിരുന്നു തുടക്കത്തില്‍ സംശയം. എന്നാല്‍ മാത്യുവിന് അപായം പറ്റിയതായി വിവരം ഇല്ലെന്നും മനപ്പൂര്‍വം ഉപേക്ഷിച്ചു പോയതാകുമെന്നുമാണ് പോലിസ് പ്രതികരിക്കുന്നത്. ഇയാള്‍ക്കായി പോലിസ് തിരച്ചില്‍ തുടരുകയാണ്.