പാര്‍ക്കിങിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ ട്വിറ്ററിലെ സംഘിക്കൂട്ടം ഭീകരാക്രമണമാക്കിയത് ഇങ്ങനെ
ജൂലൈ 1ന് തിങ്കളാഴ്ച്ച ഹൗസ് ഖാസിയില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി സംഘര്‍ഷമുണ്ടാവുകയും സംഭവത്തിനിടെ സമീപത്തുള്ള ക്ഷേത്രത്തിന് നേരെ കല്ലേറ് നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജൂലൈ 2ന് രാവിലെ പൊടുന്നനെ ക്ഷേത്രത്തില്‍ ഭീകരാക്രമണം(#TempleTerrorAttack) എന്ന ഹാഷ്ടാഗില്‍ ട്വീറ്റുകള്‍ നിറയുകയായിരുന്നു.
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹൗസ് ഖാസിയില്‍ പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കം ക്ഷേത്രത്തിന് നേരെ നടന്ന ഭീകരാക്രമണമാക്കി ചിത്രീകരിച്ച് ട്വിറ്ററിലെ സംഘപരിവാരപ്പട. ജൂലൈ 1ന് തിങ്കളാഴ്ച്ച ഹൗസ് ഖാസിയില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി സംഘര്‍ഷമുണ്ടാവുകയും സംഭവത്തിനിടെ സമീപത്തുള്ള ക്ഷേത്രത്തിന് നേരെ കല്ലേറ് നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജൂലൈ 2ന് രാവിലെ പൊടുന്നനെ ക്ഷേത്രത്തില്‍ ഭീകരാക്രമണം(#TempleTerrorAttack) എന്ന ഹാഷ്ടാഗില്‍ ട്വീറ്റുകള്‍ നിറയുകയായിരുന്നു. ഉച്ചയോടെ ഈ ഹാഷ് ടാഗോടു കൂടിയുള്ള കേവലം 500 ട്വീറ്റുകള്‍ കാട്ടുതീപോലെ പടര്‍ന്ന് മൂന്ന് ലക്ഷം പേരിലേക്കെത്തി.
ആസൂത്രിത പ്രചാരണം
വൈകുന്നരത്തോടെ ക്ഷേത്രത്തില്‍ ഭീകരാക്രമണം എന്ന ഹാഷ് ടാഗ് ട്വിറ്ററിലെ ടോപ്പ് ട്രെന്‍ഡ് വിഭാഗത്തിലെത്തി. അപ്പോഴേക്കും 80,000 ട്വീറ്റുകള്‍ ഇതുമായി ബന്ധപ്പെട്ട് വന്ന് കഴിഞ്ഞിരുന്നു. സംഭവം നടന്ന ചാന്ദ്‌നി ചൗക്ക്, ക്ഷേത്രം നശിപ്പിക്കപ്പെട്ടു, ക്ഷേത്രം ആക്രമിക്കപ്പെട്ടു തുടങ്ങിയ ഹാഷ് ടാഗുകളും തൊട്ടുപിന്നാലെ വ്യാപകമായി.
ധാരാളം പേര്‍ ഫോളോ ചെയ്യുന്ന ചില ട്വിറ്റര്‍ ഐഡികള്‍ ആസൂത്രിതമായാണ് ഈ പ്രചാരണം സംഘടിപ്പിച്ചതെന്ന് ദ ക്വിന്റ് റിപോര്‍ട്ട് ചെയ്യുന്നു. പതിവ് പോലെ, അറിയപ്പെടാത്ത ഐഡികളില്‍ നിന്ന് വര്‍ഗീയത ഇളക്കി വിടുന്ന രീതിയില്‍ ആദ്യം ട്വീറ്റ് വരികയും പ്രശസ്ത ഐഡികള്‍ അത് റീട്വീറ്റ് ചെയ്യുകയും രീതിയാണ് ഡല്‍ഹി സംഭവത്തിലും പിന്തുടര്‍ന്നത്.
ചുക്കാന്‍ പിടിച്ച് ബിജെപി ഐടി സെല്‍ മേധാവി
ഇതിന് ഉദാഹരണമായി ബിജെപി ഡല്‍ഹി യൂനിറ്റ് ഐടി സെല്‍ മേധാവി പുനിത് അഗര്‍വാളിന്റെ ഐഡിയായ പുനിത് സ്പീക്ക്‌സില്‍ നിന്നുള്ള ട്വീറ്റ് ചൂണ്ടിക്കാട്ടപ്പെടുന്നു. അദ്ദേഹം ഒന്നും നേരിട്ട് ട്വീറ്റ് ചെയ്തില്ല. പകരം അപ്രശസ്ത ഐഡികളില്‍ നിന്നുള്ള നിരവധി ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്ത് വൈറലാക്കുകയായിരുന്നു. ഈ വിഷയത്തില്‍ വന്ന ട്വീറ്റുകളില്‍ 22 ശതമാനത്തോളം ഒറിജിനല്‍ ട്വീറ്റുകളും 72 ശതമാനത്തോളം റീട്വീറ്റുകളുമായിരുന്നു. കേവലം മൂന്ന് ഫോളോവേഴ്‌സ് മാത്രമുള്ള പ്രൊഫൈല്‍ ചിത്രം പോലുമില്ലാത്ത ഒരാളുടെ ട്വീറ്റ് ആയിരത്തിലേറെ തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്. 32 ഫോളോവേഴ്‌സ് മാത്രമുള്ള മറ്റൊരാളുടെ ട്വീറ്റ് 1,146 തവണ റീട്വീറ്റ് ചെയ്യപ്പെട്ടു.
വിദ്വേഷ പ്രചരണത്തിന് ഡല്‍ഹി എംഎല്‍എയും
ക്ഷേത്രത്തില്‍ ഭീകരാക്രമണം എന്ന പ്രചാരണത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ഡല്‍ഹിയിലെ എംഎല്‍എ കപില്‍ മിശ്ര ആയിരുന്നു. ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ച ഇയാളെ പിന്നീട് പുറത്താക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അദ്ദേഹം പോസ്റ്റ് ചെയ്ത ഒരു വീഡിയോ 8000ലേറെ പേര്‍ കാണുകയും 2400 തവണ റീട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തു. പോലിസ് ജനങ്ങളുടെ ക്ഷമ പരിശോധിക്കരുതെന്നും ക്ഷേത്രം തകര്‍ത്തവര്‍ സ്വതന്ത്രമായി വിഹരിക്കുന്നുവെന്നും ആരോപിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ഒരു പ്രാദേശിക സംഭവത്തെ ഊതിക്കത്തിച്ച് കലാപം സൃഷ്ടിക്കാന്‍ സംഘപരിവാരം നടത്തിയ ആസൂത്രിത ശ്രമമാണ് ഇതിലൂടെ വെളിച്ചത്തു വരുന്നത്.
ഹൗസ് ഖാസിയില്‍ സംഭവിച്ചതെന്ത്
ഞായറാഴ്ച്ച് അനസ് മുഹമ്മദ് എന്ന യുവാവ് സഞ്ജീവ് ഗുപ്ത എന്നയാളുടെ കടയുടെ മുന്നില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് സംഭവത്തിന്റെ തുടക്കം. സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നത് സഞ്ജയ് ഗുപ്ത തടയുകയും ഇതേ തുടര്‍ന്ന് വാക്ക് തര്‍ക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് മടങ്ങിപ്പോയ മുഹമ്മദ് ആളുകളുമായി വന്ന് സംഘര്‍ഷമുണ്ടാക്കിയെന്നാണ് ഗുപ്തയുടെ ഭാര്യ ബബിത പറയുന്നത്.
എന്നാല്‍, പ്രദേശവാസിയും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമായ ആഖിബ് ഹസന്‍ നല്‍കുന്നത് തികച്ചും വ്യത്യസ്തമായ വിവരണമാണ്. സ്‌കൂട്ടര്‍ പെട്ടെന്ന് എടുത്ത് കൊണ്ടു പോയില്ലെങ്കില്‍ തീയിടുമെന്ന് ഗുപ്ത ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ഗുപ്തയും വേറെ ചിലരും ചേര്‍ന്ന് മുഹമ്മദിനെ കെട്ടിടത്തിനകത്തേക്ക് കൊണ്ടു പോയി മര്‍ദ്ദിക്കുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ഇതേ തുടര്‍ന്ന് രണ്ടു പേരും പോലിസില്‍ പരാതി നല്‍കി.
മുഹമ്മദും ഗുപ്തയും പോലിസ് സ്‌റ്റേഷനിലായിരിക്കുന്ന സമയത്താണ് അജ്ഞാതരായ ചിലര്‍ വന്ന് ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാവ് മര്‍ദ്ദിക്കപ്പെട്ടതായ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായതെന്നും ഇതിനിടയിലാണ് ക്ഷേത്രത്തില്‍ കല്ല് ചെന്ന് വീണതെന്നും ഇവിടെ ക്ലിനിക്ക് നടത്തുന്ന ഡോ. ഇശ്‌റത്ത് തഫീല്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാവാത്ത ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.