യുഎപിഎ കേസുകള്‍ എത്ര? സര്‍ക്കാരിന് അറിയില്ലെന്ന് സമ്മതിച്ച് മുഖ്യമന്ത്രി

ഒമ്പതുമാസം മുമ്പ് ഇടതുപക്ഷ എംഎല്‍എ ആയ പിടിഎ റഹീമും ഇതേ ചോദ്യമുന്നയിച്ചിരുന്നു

Update: 2020-03-13 15:27 GMT

തിരുവനന്തപുരം: യുഎപിഎ കേസുകള്‍ എത്രയെന്നതിനെക്കുറിച്ച് സര്‍ക്കാരിന് അറിവില്ലെന്ന് സമ്മതിച്ച് മുഖ്യമന്ത്രി. ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ ഉത്തരത്തിലാണ് യുഎപിഎ കേസുകളുടെ വിവരം ശേഖരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.

പതിനാലാം നിയമസഭയുടെ പത്തൊമ്പതാം സമ്മേളനത്തില്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തി ഷാനിമോള്‍ ഉസ്മാന്‍ 135ാമത് ചോദ്യം ഉന്നയിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര യുഎപിഎ കേസുകളാണ് ചുമത്തിയത്?, ഏതൊക്കെ കേസുകളിലാണ് യുഎപിഎ ചുമത്തിയത്?, യുഎപിഎ ചുമത്തിയ എത്ര കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തിട്ടുണ്ട് ? എന്നാതായിരുന്നു ചോദ്യം. എന്നാല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നു എന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി.


അതേസമയം ഒമ്പതുമാസം മുമ്പ് ഇടതുപക്ഷ എംഎല്‍എ ആയ പിടിഎ റഹീമും ഇതേ ചോദ്യമുന്നയിച്ചിരുന്നു. 2019 മെയ് മാസം 28നാണ് ചോദ്യോത്തര വേളയില്‍ പിടിഎ റഹീം എംഎല്‍എ യുഎപിയുമായി ബന്ധപ്പെട്ട് 166ാമത് ചോദ്യമായി ആഭ്യന്തര മന്ത്രി പിണറായി വിജയനോട് ഉന്നയിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര കേസുകളില്‍ യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും മുന്‍പ് ചുമത്തിയ എത്ര കേസുകളില്‍ യുഎപിഎ വേണ്ടെന്നുവെച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?. കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞ കേസുകളില്‍ യുഎപിഎ പുനപരിശോധിക്കുന്നതിന് ഏതെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ? എന്നീ ചോദ്യങ്ങളാണ് അദ്ദേഹം അന്ന് ഉന്നയിച്ചത്. എന്നാല്‍ ഒമ്പത് മാസം കഴിഞ്ഞിട്ടും ഉത്തരം ലഭ്യമാക്കിയിട്ടില്ല.


സര്‍ക്കാരിനെതിരേ വിമര്‍ശനങ്ങള്‍ ഉയരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ഇത്തരത്തില്‍ വൈകിപ്പിക്കുന്നത് പതിവാണ്. എല്ലാ നിയമസഭാ ചോദ്യങ്ങളുടേയും മറുപടി അവ സഭയില്‍ ഉന്നയിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള ദിവസത്തിന് തലേ ദിവസം വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും നിയമസഭാ സെക്രട്ടേറിയറ്റില്‍ ലഭ്യമാക്കേണ്ടതാണെന്ന് നിയമസഭാ ചട്ടം 47(1) പറയുന്നുണ്ട്. അതത് വിഷയങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലയളവില്‍ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാറില്ല എന്നതാണ് വസ്തുത.

യുഎപിഎക്ക് എതിരാണെന്നാണ് സിപിഎമ്മിന്റെ നയമെന്ന് പലനേതാക്കളും പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. അതേ രാഷ്ട്രീയപ്രസ്ഥാനം ഭരിക്കുന്നയിടത്ത് ചുമത്തപ്പെട്ട യുഎപിഎ കേസുകളുടെ വിവരം സര്‍ക്കാരിന്റെ കൈവശം ഇല്ലെന്ന് പറയുന്നത് സ്വീകരിക്കുന്ന നയങ്ങളിലെ വ്യതിയാനമാണ് സൂചിപ്പിക്കുന്നത്. 

Tags:    

Similar News