ക്വാറിയുടെ ആഘാതത്തില്‍ വീടുകള്‍ക്ക് വിള്ളല്‍: വൈബ്രേഷന്‍ ടെസ്റ്റിംഗ് നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
കോഴിക്കോട്: താമരശ്ശേരി ഒടുക്കത്തിപ്പൊയിലില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി കാരണം വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ച് ജനങ്ങള്‍ പ്രാണഭയത്തിലാണ് കഴിയുന്നതെന്ന നാട്ടുകാരുടെ പരാതി അധികൃതര്‍ നിഷേധിച്ച സാഹചര്യത്തില്‍ വൈബ്രേഷന്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ പഠനം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ കലക്ടര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവ് നല്‍കിയത്. സ്വീകരിച്ച നടപടികള്‍ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജില്ലാ ജിയോളജിസ്റ്റും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒടുക്കത്തിപൊയില്‍ നിവാസികള്‍ താമസിക്കുന്നത് ക്വാറിയുടെ 200 മീറ്റര്‍ പരിധിക്ക് പുറത്താണെന്നും ക്വാറിയുടെ പ്രവര്‍ത്തനം കാരണമാണോ വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചതെന്ന് സ്ഥിതീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഓമശേരി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. വിദഗ്ദ്ധ പഠനം നടത്തി ഇക്കാര്യം സ്ഥിതീകരിക്കുകയാണെങ്കില്‍ ക്വാറിക്ക് നല്‍കിയ ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
3.105 ഹെക്ടര്‍ സ്ഥലത്ത് പ്രതിവര്‍ഷം 120500 ടണ്‍ കരിങ്കല്ല് ഖനനം ചെയ്യാനാണ് 12 വര്‍ഷത്തേക്ക് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. 2030 വരെ ലൈസന്‍സിന് കാലാവധിയുണ്ട്. വിള്ളലിന്റെ കാരണം കണ്ടെത്താന്‍ വൈബ്രേഷന്‍ ടെസ്റ്റ് നടത്തുന്നതിന് ക്വാറി ഉടമക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ ജിയോളജിസ്റ്റ് കമ്മീഷനെ അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച ശേഷമാണ് കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് ഉത്തരവ് നല്‍കിയത്.