ഗസയിലെ റഷ്യന്‍ തടവുകാരെ വിട്ടയച്ച ഹമാസിന് നന്ദി പറഞ്ഞ് വ്ളാദിമിര്‍ പുടിന്‍ (വീഡിയോ)

മോസ്‌കോ: ഗസയിലെ റഷ്യന്‍ തടവുകാരെ വിട്ടയച്ച ഹമാസിന് നന്ദി പറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. മുമ്പ് ഗസയില്‍ നിന്നും ഹമാസ് വിട്ടയച്ച റഷ്യന്‍ തടവുകാരുമായി ക്രെംലിനില്‍ കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് പുടിന്‍ നന്ദി പ്രകടിപ്പിച്ചത്. ഹമാസ് വിട്ടയച്ച അലക്‌സാണ്ടര്‍ ട്രുഫനോവും മാതാവ് യെലീനയും ഭാര്യ സാപിര്‍ കോഹനുമാണ് പുടിനെ കാണാന്‍ ക്രെംലിനില്‍ എത്തിയത്. മൂവരെയും പുടിന്‍ സ്വീകരിച്ചു.
'' ഞങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രവര്‍ത്തിച്ച് നിങ്ങളെ മോചിപ്പിച്ചതിന് ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തിനും നേതൃത്വത്തിനും നന്ദി പറയേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ഫലസ്തീന്‍ ജനതയുമായുള്ള റഷ്യയുടെ ദീര്‍ഘകാല ബന്ധമാണ് തടവുകാരുടെ മോചനത്തിന് കാരണമായത്. ഫലസ്തീനികളുമായി റഷ്യക്ക് വര്‍ഷങ്ങളുടെ സ്ഥിരമായ ബന്ധമുണ്ട്.''-പുടിന്‍ പറഞ്ഞു.
Putin with words of GRATITUDE to Hamas political wing for agreeing to release Russian-Israeli hostage https://t.co/vnTegy0fPZ pic.twitter.com/VAHHKSoH9u
— RT (@RT_com) April 16, 2025
മറ്റുതടവുകാരുടെ കാര്യത്തിലും സമാനമായ ഇടപെടല്‍ ആവശ്യമാണെന്ന് ട്രൂഫനോവ് അഭ്യര്‍ത്ഥിച്ചു. ഗസയിലെ ശേഷിക്കുന്ന തടവുകാരുടെ തിരിച്ചുവരവ് ഉറപ്പാക്കാന്‍ റഷ്യ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് പുടിന്‍ പ്രതിജ്ഞയെടുത്തു. ഗസയില്‍ 59 പേര്‍ ഹമാസിന്റെ തടവിലുണ്ടെന്നാണ് ഇസ്രായേല്‍ പറയുന്നത്. അതേസമയം, അധിനിവേശ ശക്തിയായ ഇസ്രായേലിന്റെ ജയിലുകളില്‍ പതിനായിരത്തോളം ഫലസ്തീനികളുണ്ട്.