ബുറേവി ചുഴലിക്കാറ്റ്: കേരള തീരത്ത് റെഡ് അലര്‍ട്ട്

കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുത്തതിനാലാണ് അതീവ ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ബുറേവി'ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം കടന്ന് ഇന്ത്യന്‍ തീരത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്.

Update: 2020-12-03 05:47 GMT

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പായി സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് റെഡ് അലര്‍ട്ടായി ഉയര്‍ത്തുകയായിരുന്നു.

കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുത്തതിനാലാണ് അതീവ ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ബുറേവി'ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം കടന്ന് ഇന്ത്യന്‍ തീരത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പാണ് ഇത്. ചുഴലിക്കാറ്റിന് മുന്നോടിയായി സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ ശക്തമാക്കി.

ചുഴലിക്കാറ്റ് ഡിസംബര്‍ 3ന് ഉച്ചയോടുകൂടിയോ ഡിസംബര്‍ 4 പുലര്‍ച്ചയോടുകൂടിയോ പാമ്പന്‍ തീരത്തെത്തുമ്പോള്‍ ചുഴലിക്കുള്ളിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 70 മുതല്‍ 80 കിമീ വരെയും ചില അവസരങ്ങളില്‍ 90 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് കലാവാസ്ഥാ നിരീക്ഷ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം 'ബുറേവി' ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി (Deep Depression) ഡിസംബര്‍ 4ന് കേരളത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാല്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല. ഡിസംബര്‍ 3 മുതല്‍ ഡിസംബര്‍ 4 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.

Tags:    

Similar News