ആ സൗമ്യ സാന്നിധ്യം ഇനി കണ്ണീരോര്‍മ്മ; ഹൈദരലി തങ്ങള്‍ക്ക് പാണക്കാട്ടെ ആറടി മണ്ണില്‍ അന്ത്യനിദ്ര

സംസ്‌കാരം പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംസ്‌കാരം. പതിനായിരങ്ങളാണ് അവസാനമായി ഒരു നോക്ക് കാണാന്‍ രാത്രി വൈകിയും ഇരച്ചെത്തിയത്.

Update: 2022-03-07 00:33 GMT

മലപ്പുറം: പാണക്കാട്ടെ ആ സൗമ്യ സാന്നിധ്യം ഇനി കണ്ണീരോര്‍മ്മ. പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പാണക്കാട്ടെ പള്ളിക്കാട്ടിലെ ആറടി മണ്ണില്‍ അന്ത്യനിദ്ര. സംസ്‌കാരം പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംസ്‌കാരം. പതിനായിരങ്ങളാണ് അവസാനമായി ഒരു നോക്ക് കാണാന്‍ രാത്രി വൈകിയും ഇരച്ചെത്തിയത്. പിതാവ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ക്കും സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കും ചാരെയാണ് ഹൈദരലി തങ്ങള്‍ക്ക് അന്ത്യവിശ്രമം ഒരുക്കിയത്.

പാണക്കാട് ജുമാമസ്ജിദില്‍ അവസാന മയ്യിത്ത് നമസ്‌കാരങ്ങള്‍ക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. പോലിസ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. നേരത്തെ തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നുഖബറടക്കം നിശ്ചയിച്ചിരുന്നതെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെയാക്കുകയായിരുന്നു. അണമുറിയാതെ എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പറ്റാതിരുന്നതും മറ്റു ചില കാരണങ്ങളാലുമാണ് ലീഗ് നേതൃത്വം സംസ്‌കാരം പുലര്‍ച്ചെ തന്നെ നടത്താന്‍ തീരുമാനിച്ചത്.

ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പുലര്‍ച്ചെ 12.30 ഓടെ പൊതുദര്‍ശനം നിര്‍ത്തിവച്ചു. പിന്നീട് മൃതദേഹം പാണക്കാട്ടെ വീട്ടിലേക്ക് മാറ്റിയെങ്കിലും അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ വന്‍ജനക്കൂട്ടം വീട്ടിലേക്കും എത്തിയിരുന്നു. തുടര്‍ന്ന്ഇവിടെനിന്നും രണ്ടു മണിയോടെ പള്ളിയിലെത്തിച്ച് മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ഖബറടക്കുകയായിരുന്നു.

പൊതുദര്‍ശന സ്ഥലത്ത്‌രാത്രി 11നുശേഷം അസാധാരണ തിരക്കാണ് അനുഭവപ്പെട്ടത്. മലപ്പുറം നഗരത്തിലേക്ക് പോലും വാഹനങ്ങള്‍ക്ക് കടക്കാന്‍ കഴിയാത്ത വിധമുള്ള തിരക്കാണ് ഉണ്ടായത്. ഇതോടെ നഗരത്തില്‍ വാഹനനിയന്ത്രണം പോലിസ് ഏര്‍പ്പെടുത്തിയിരുന്നു. അത്രയധികം പേരാണ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്. തിരക്ക്‌നിയന്ത്രിക്കാന്‍ വളന്റിയര്‍മാരും പോലിസും ഏറെ പ്രയാസപ്പെട്ടു. പലര്‍ക്കും തിരക്കില്‍പ്പെട്ട് പരിക്കേറ്റു. ഖബറടക്കം നേരത്തെയാക്കിയതോടെ മണിക്കൂറുകള്‍ കാത്തുനിന്ന ആയിരങ്ങള്‍ മൃതദേഹം കാണാനാകാതെ മടങ്ങേണ്ടി വന്നു.

രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ രാവിലെ ഒന്‍പത് മണിയോടെ എത്തുമെന്ന് മുന്‍പ് തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ പോലിസിനും പ്രവര്‍ത്തകര്‍ക്കും കഴിയാതെ വന്നതോടെയാണ് പുലര്‍ച്ച രണ്ടരയോടെ തന്നെ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചത്.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നെത്തിച്ച മൃതദേഹം മലപ്പുറം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനുവച്ചിരുന്നു. പതിനായിരങ്ങളാണ് അവസാനമായി ഒരുനോക്ക് കണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി എ മുഹമ്മദ് റിയാസ്, എംഎല്‍എമാര്‍, എംപിമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ മത സാംസ്‌കാരിക നേതാക്കള്‍ ആദരാഞ്ജലിയര്‍പ്പിച്ചു.

Tags:    

Similar News