ഗൗതം ഗംഭീറിന് ''കശ്മീര്‍ ഐഎസിന്റെ'' വധഭീഷണി; ഗുജറാത്ത് സ്വദേശി ജിഗ്നേഷ് സിന്‍ഹ പര്‍മര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ ഗൗതം ഗംഭീറിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കശ്മീരിലെ പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയാണ് ''കശ്മീര്‍ ഐഎസിന്റെ'' പേരില്‍ ഗൗതം ഗംഭീറിന് വധഭീഷണി വന്നത്. 'IKillU' എന്ന സന്ദേശമാണ് വന്നത്. തുടര്‍ന്ന് ഡല്‍ഹി പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് സ്വദേശിയായ ജിഗ്നേഷ് സിന്‍ഹ പര്‍മറി(21)നെ പോലിസ് അറസ്റ്റ് ചെയ്തത്. ജിഗ്നേഷ് എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് കുടുംബം അറിയിച്ചു.
വധഭീഷണി വന്നയുടന്‍ ഗൗതം ഗംഭീര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇ-മെയിലില്‍ രണ്ടുതവണയാണ് വധഭീഷണി വന്നതെന്നും തന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടു.