റഫ ആക്രമണം ഉടനടി നിര്‍ത്തണം; ഇസ്രയേലിന് ഐസിജെയുടെ ഉത്തരവ്

Update: 2024-05-24 14:55 GMT

ഹേഗ്: തെക്കന്‍ ഗസ നഗരമായ റഫയ്‌ക്കെതിരായ സൈനിക ആക്രമണം ഉടനടി നിര്‍ത്താന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിജെ)യുടെ ഉത്തരവ്. ഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക നല്‍കിയ കേസിലാണ് ഐസിജെയുടെ സുപ്രധാന ഉത്തരവ്. തെക്കന്‍ ഗസ നഗരമായ റഫയിലെ ആക്രമണം അവസാനിപ്പിക്കാനും മേഖലയില്‍നിന്ന് പിന്മാറാനും ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള പരമോന്നത കോടതി ജഡ്ജിമാര്‍ ഇസ്രായേലിനോട് ഉത്തരവിട്ടു. ഫലസ്തീന്‍ ജനതയ്ക്ക് 'വലിയ അപകടസാധ്യത' ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മരണസംഖ്യ നിയന്ത്രിക്കാനും ഗസയിലെ മാനുഷിക ദുരിതങ്ങള്‍ ലഘൂകരിക്കാനും വേണ്ടിയാണ് 15 ജഡ്ജിമാരുടെ പാനല്‍ പ്രാഥമിക ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. ഉത്തരവുകള്‍ നിയമപരമായി ബാധകമാണെങ്കിലും അത് നടപ്പാക്കാന്‍ കോടതിക്ക് പോലിസ് സംവിധാനമില്ല. അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡന്റ് നവാഫ് സലാം ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗസയിലെ ഫലസ്തീന്‍ ഗ്രൂപ്പിന് പൂര്‍ണ്ണമായോ ഭാഗികമായോ ഭൗതിക നാശം വരുത്തിയേക്കാവുന്ന ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന റഫ ഗവര്‍ണറേറ്റിലെ സൈനിക ആക്രമണവും മറ്റേതെങ്കിലും നടപടിയും ഇസ്രായേല്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. റഫയിലെ മാനുഷിക സാഹചര്യം വിനാശകരമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഫലസ്തീന്‍ ജനതയുടെ നിലനില്‍പ്പ് ഉറപ്പാക്കാന്‍ റഫയ്‌ക്കെതിരായ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയുടെ അഭിഭാഷകര്‍ കഴിഞ്ഞ ആഴ്ച ഹേഗിലെ ഐസിജെയോട് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 15 ഐസിജെ ജഡ്ജിമാരില്‍ 13 പേരും റഫയിലെ സാഹചര്യം രൂക്ഷമാണെന്ന് സമ്മതിക്കുകയും അസാധാരണമാംവിധം ഭയാനകമാണെന്നു വിലയിരുത്തിയതായും നെതര്‍ലാന്‍ഡിലെ ഹേഗില്‍ നിന്ന് അല്‍ ജസീറയുടെ സ്‌റ്റെപ്പ് വാസന്‍ റിപോര്‍ട്ട് ചെയ്തു. '800,000 പേര്‍ പലായനം ചെയ്യപ്പെട്ടെന്നും അവര്‍ക്ക് സുരക്ഷിതത്വവും മാനുഷികമായ പ്രവേശനവും നല്‍കുന്നുവെന്ന ഇസ്രായേലിന്റെ വാക്ക് താന്‍ വിശ്വസിക്കുന്നില്ലെന്നും മുഖ്യ ജഡ്ജി പറഞ്ഞു. അതിന് തെളിവില്ല. അതിനാല്‍ തന്നെ റഫയിലെ ആക്രമണവും സൈനിക നടപടിയും ഇസ്രായേല്‍ ഉടന്‍ അവസാനിപ്പിക്കണം. അവിടെ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് കോടതി ഇപ്പോള്‍ ശക്തമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. മാനുഷിക സഹായം എത്രയും വേഗം പുനരാരംഭിക്കണമെന്നും വിധിയില്‍ വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം ഉറപ്പാക്കാന്‍ യുഎന്നില്‍ നിന്നുള്ള നിരീക്ഷകര്‍ക്ക് എത്രയും വേഗം പ്രവേശനം ലഭിക്കേണ്ടതുണ്ടെന്നും ജഡ്ജി ഊന്നിപ്പറഞ്ഞു. ഉത്തരവിലെ നടപടികളുടെ പുരോഗതിയെക്കുറിച്ച് ഒരു മാസത്തിനകം കോടതിയില്‍ റിപോര്‍ട്ട് ചെയ്യാനും ഇസ്രയേലിനോട് ഐസിജെ ഉത്തരവിട്ടിട്ടുണ്ട്.

Tags:    

Similar News