ഐസിയുവില്‍ കിടന്ന യുവതിയെ കടന്നുപിടിച്ച മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ കിടന്ന യുവതിയോട് ജീവനക്കാരന്റെ ലൈംഗികാതിക്രമം. സംഭവത്തില്‍ ഓര്‍ത്തോപീഡിക്‌സ് വിഭാഗം ജീവനക്കാരന്‍ ദില്‍കുമാറിനെ (54) മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 7.30ന് ആയിരുന്നു സംഭവം. ഐസിയു ജീവനക്കാരനായ ഇയാള്‍ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനു മുന്‍പായിരുന്നു അതിക്രമം. ചെറിയ മയക്കത്തിലായിരുന്നു യുവതി. ഐസിയുവില്‍ ആരുമുണ്ടായിരുന്നില്ല. രാത്രി ബന്ധുക്കള്‍ കാണാന്‍ എത്തിയപ്പോഴാണ് യുവതി കരഞ്ഞു കൊണ്ടു സംഭവം വിശദീകരിച്ചത്. ബന്ധുക്കള്‍ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സുമാരെ വിവരം അറിയിക്കുകയായിരുന്നു. ദില്‍കുമാര്‍ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ആര്‍എംഒ സൂപ്രണ്ടിനു നല്‍കി. ദില്‍കുമാറിനെ സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം വിളിച്ചു വരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദില്‍കുമാറിനെ ആശുപത്രി സൂപ്രണ്ട് ഡോ.ബി എസ് സുനില്‍കുമാര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.