ഹമാസ് നേതാക്കളെ കണ്ടെത്താനാവുന്നില്ല; കോടികള്‍ വാഗ്ദാനം ചെയ്ത് ഇസ്രായേല്‍ ലഘുലേഖകള്‍
ഗസാ സിറ്റി: ഹമാസിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച് യുദ്ധം തുടങ്ങിയ ഇസ്രായേല്‍ അധിനിവേശ സൈന്യം ഒടുവില്‍ നേതാക്കളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കോടികളുടെ പ്രതിഫലം വാഗ്ദാനം ചെയ്ത് രംഗത്ത്. ഗസയിലെ ഹമാസിന്റെ ഉന്നത നേതാവായ യഹ്‌യ സിന്‍വാറിനെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 400,000 ഡോളറും(3.33 കോടി ഇന്ത്യന്‍ രൂപ) അദ്ദേഹത്തിന്റെ സഹോദരന്‍ മുഹമ്മദ് സിന്‍വാറിന് 300,000 ഡോളറും(2.50 കോടി ഇന്ത്യന്‍ രൂപ)യും നല്‍കുമെന്ന് കാണിച്ച് ഐഡിഎഫ് ലഖുലേഖകള്‍ വിതരണം ചെയ്തു. 2023 ഡിസംബര്‍ 14നാണ് ഹമാസ് നേതാക്കള്‍ എവിടെയാണ് താമസിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്യുന്നു ലഖുലേഖകള്‍ കണ്ടെത്തിയത്. ഒളിച്ചിരിക്കുന്ന മുതിര്‍ന്ന ഹമാസ് നേതാക്കളെക്കുറിച്ച് വിവരം നല്‍കുന്ന ആര്‍ക്കും വലിയ പാരിതോഷികം നല്‍കുമെന്നാണ് ഐഡിഎഫ് വ്യാഴാഴ്ച ഗസയിലുടനീളം വിതരണം ചെയ്ത ലഘുലേഖകളിലുള്ളത്. ഹമാസിന്റെ ഖാന്‍ യൂനിസ് ബ്രിഗേഡ് കമാന്‍ഡറായ റഫ സലാമയുടെ താമസ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 200,000 ഡോളറാണ് പ്രതിഫലം. ഹമാസിന്റെ സൈനിക വിഭാഗം തലവന്‍ മുഹമ്മദ് ദഈഫിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 100,000 ഡോളറാണ് വാഗ്ദാനം. ഇതിനുപുറമെ വിവരം നല്‍കുന്നവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നു പറഞ്ഞ് ഒരു ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.
യുദ്ധം തുടങ്ങിയതു മുതല്‍ യഹ് യ സിന്‍വാര്‍ ഉള്‍പ്പെടെയുള്ള ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനോ ആക്രമിക്കാനോ കഴിഞ്ഞിരുന്നില്ല. യുദ്ധം തുടങ്ങിയപ്പോള്‍ യഹ് യ സിന്‍വാര്‍ വടക്കന്‍ ഗസയിലെ ഗസ സിറ്റിയില്‍ നിന്ന് തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിലേക്ക് ഒരു പലായനം ചെയ്തതായി ഇസ്രായേലി വൃത്തങ്ങള്‍ കഴിഞ്ഞ ആഴ്ച പ്രചരിപ്പിച്ചിരുന്നു. ഇതിനിടെ, ഹമാസ് ബന്ദികളാക്കുകയും വെടിനിര്‍ത്തലിന്റെ ഭാഗമായി മോചിപ്പിക്കുകയും ചെയ്യപ്പെട്ടവര്‍, യഹ് യ സിന്‍വാര്‍ തങ്ങളെ തുരങ്കങ്ങളില്‍ വന്ന് കണ്ടിരുന്നതായി അവകാശപ്പെട്ടിരുന്നു. ഇതിനിടെയാണ് ഹമാസ് നേതാക്കളെ കണ്ടെത്താനാവാതെയും കരയുദ്ധത്തില്‍ വന്‍ തിരിച്ചടി നേരിടുന്ന ഇസ്രായേല്‍ സൈന്യം പ്രതിഫലം വാഗ്ദാനം ചെയ്ത് പ്രലോഭനവുമായി രംഗത്തെത്തിയത്.