ഹിന്ദു യുവാവ് വിഗ്രഹങ്ങള്‍ നശിപ്പിച്ചു; മുസ്‌ലിംകള്‍ക്കെതിരേ വ്യാജ പ്രചാരണവുമായി ഹിന്ദുത്വര്‍

സംഭവത്തില്‍ അറസ്റ്റിലായ പ്രതി ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരല്ലെന്ന് പോലിസ് ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുത്വര്‍ കള്ളപ്രചാരണവുമായി മുന്നോട്ട് പോവുകയാണ്.

Update: 2021-04-15 05:30 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ദ്വാരകയിലെ കരോള ഗ്രാമത്തിലെ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാജ പ്രചാരണവുമായി ഹിന്ദുത്വര്‍. സംഭവത്തില്‍ അറസ്റ്റിലായ പ്രതി ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരല്ലെന്ന് പോലിസ് ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുത്വര്‍ കള്ളപ്രചാരണവുമായി മുന്നോട്ട് പോവുകയാണ്.

ചൊവ്വാഴ്ചയാണ് പ്രദേശത്തെ മൂന്ന് ക്ഷേത്രങ്ങളിലെ ഹിന്ദു ദേവീ-ദേവന്മാരുടെ വിഗ്രഹങ്ങള്‍ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രദേശത്തുകാരന്‍ തന്നെയായ മഹേഷ് (45)നെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മഴ ലഭിക്കാത്തതു മൂലം അസ്വസ്ഥനായതിനാലാണ് പ്രതി വിഗ്രഹങ്ങള്‍ നശിപ്പിച്ചതെന്ന് ദ്വാരക പോലിസ് പറഞ്ഞു.

'തങ്ങളുടെ ഉടനടിയുള്ള നടപടിയില്‍ പ്രദേശത്തുകാരനായ മഹേഷ് ഭട്ട് (45) അറസ്റ്റിലായി. മഴയുടെ അപര്യാപ്തത കാരണം അദ്ദേഹത്തിന് ദൈവത്തോട് ദേഷ്യമുണ്ടായിരുന്നതായി പറയുന്നു. ഈ നിര്‍ഭാഗ്യകരമായ സംഭവത്തില്‍ സാമുദായിക വിഷയമില്ല'- ദ്വാരക പോലിസ് ട്വീറ്റ് ചെയ്തു. പ്രതിക്കെതിരേ ഇന്ത്യന്‍ പീനല്‍ കോഡിലെ 295, 295 എ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ മഹേഷിനെ അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ദ്വാരക) സന്തോഷ് കുമാര്‍ മീന പറഞ്ഞു.

അതേസമയം, കേസിനെക്കുറിച്ച് പോലിസില്‍ നിന്ന് വ്യക്തത ലഭിച്ചിട്ടും സംഭവം മുസ്‌ലിംകളുടെ തലയില്‍ കെട്ടിവച്ച് ഹിന്ദുത്വര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിഷം വമിപ്പിക്കുകയാണ്. വിഗ്രഹങ്ങള്‍ നശിപ്പിച്ചതിന് 'ജിഹാദി'കളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള തന്റെ വാര്‍ത്താ ചാനലിന്റെ വീഡിയോ വിവാദ അവതാരകന്‍ സുരേഷ് ചാവങ്കെ ട്വിറ്ററില്‍ പങ്കുവച്ചു. ന്യൂനപക്ഷ സമുദായത്തെ കുറ്റപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം.

ഡല്‍ഹി ബിജെപി ഐടി സെല്‍ മേധാവി നവീന്‍ കുമാറും വിഗ്രഹം നശിപ്പിച്ചതിന്റെ വീഡിയോ പങ്കുവെച്ചു.

ഓണ്‍ലൈനിലെ വിദ്വേഷ പ്രചാരണങ്ങള്‍ക്കു പുറമെ ഹിന്ദുത്വ സംഘടനകള്‍ ചൊവ്വാഴ്ച ദ്വാരക മെട്രോ സ്‌റ്റേഷനില്‍ റോഡുകള്‍ തടസ്സപ്പെടുത്തിയിരുന്നു. പ്രതിഷേധ സ്ഥലത്ത് നിന്ന് ഹിന്ദുത്വ നേതാവ് അഭിഷേക് സിംഗ് യാദവ് ഫേസ്ബുക്ക് ലൈവ് നല്‍കിയിരുന്നു. സംഭവത്തില്‍ മുസ്‌ലിംകളെ കുറ്റപ്പെടുത്തുന്നതും അവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതും വീഡിയോയില്‍ കാണാം.

പ്രദേശത്ത് കുറ്റകൃത്യങ്ങള്‍ നടക്കുന്നതിന്റെ അടിസ്ഥാന കാരണം പ്രദേശത്തെ മുസ്‌ലിംകളാണെന്നും അവരെ അവിടെ നിന്ന് പുറത്താക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വീഡിയോയില്‍ യാദവ് പറയുന്നുണ്ട്. ഈ പ്രദേശത്ത് മുസ്‌ലിംകള്‍ വളരെ കുറവാണെന്നും എന്നാല്‍ പള്ളി പണിയാന്‍ അവര്‍ ധൈര്യപ്പെട്ടെന്നും അയാള്‍ പറഞ്ഞു.

'തങ്ങള്‍ക്ക് ആ പള്ളി അടച്ചുപൂട്ടണം. ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ ഈ പ്രദേശത്ത് പള്ളികള്‍ ആഗ്രഹിക്കുന്നില്ല.ഉച്ചഭാഷിണിയില്‍ നിന്ന് അസ്വസ്ഥരാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല'-യാദവ് തന്റെ തത്സമയ വീഡിയോയില്‍ പറയുന്നു.അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് 67,000 ലൈക്കുകളും 29,000 ഷെയറുകളും ഫേസ്ബുക്കില്‍ ലഭിച്ചു.

Tags:    

Similar News