'അഖിലേഷ് അധികാരത്തിലേറിയാല്‍ അസം ഖാന്‍ അകത്തും ജയന്ത് പുറത്തുമാകും'; എസ്പി-ആര്‍എല്‍ഡി സഖ്യത്തിനെതിരേ അമിത്ഷാ
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എസ്പി-ആര്‍എല്‍ഡി കൂട്ടുകെട്ടിനെതിരേ അമിത് ഷാ വര്‍ഗീയ പരാമര്‍ശം നടത്തിയത്.
ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന യുപിയില്‍ ഭരണകക്ഷിയായ ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി മുന്നോട്ട് പോവുന്ന എസ്പി-ആര്‍എല്‍ഡി സഖ്യത്തിനെതിരേ വര്‍ഗീയ പരാമര്‍ശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എസ്പി-ആര്‍എല്‍ഡി കൂട്ടുകെട്ടിനെതിരേ അമിത് ഷാ വര്‍ഗീയ പരാമര്‍ശം നടത്തിയത്.
ഇന്ന്, ഒരു പ്രചാരണ പരിപാടിക്കിടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഷാ പറഞ്ഞു, 'അഖിലേഷ് യാദവും ജയന്ത് ചൗധരിയും വോട്ടെണ്ണുന്നത് വരെ മാത്രമേ ഒരുമിച്ചുള്ളൂ. അവരുടെ (എസ്പി) സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍, അസം ഖാന്‍ അകത്തും ജയന്ത് പുറത്തുമാകും. തിരഞ്ഞെടുപ്പിന് ശേഷം എന്ത് സംഭവിക്കുമെന്ന് അവരുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് പറയാന്‍ കഴിയും.'-ഷാ പറഞ്ഞു.
'അഖിലേഷിന് നാണമില്ല. ഇന്നലെ ഇവിടെ ക്രമസമാധാന നില ശരിയല്ലെന്ന് അഖിലേഷ് പറഞ്ഞു. ഇന്ന് ഞാന്‍ ഒരു പൊതു പരിപാടിയില്‍ ഞങ്ങളുടെ കണക്കുകള്‍ പറയാന്‍ വന്നിരിക്കുന്നു. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍, നിങ്ങളുടെ ഭരണത്തിന്റെ കണക്കുകള്‍ നാളെ ഒരു പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കൂ.'-അമിത് ഷാ പറഞ്ഞു.
നേരത്തെ ബിജെപി നീട്ടിയ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യ വാഗ്ദാനം ജയന്ത് ചൗധരി തള്ളിയിരുന്നു.