'തെറ്റായ ഭക്ഷണം കഴിച്ചാല്‍ തെറ്റായ വഴികളിലേക്ക് നയിക്കും'; നോണ്‍വെജ് കഴിക്കുന്നവര്‍ക്ക് ആര്‍എസ്എസ് മേധാവിയുടെ മുന്നറിയിപ്പ്
നാഗ്പൂര്‍: നോണ്‍വെജ് ഭക്ഷണം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. തെറ്റായ രീതിയിലുള്ള ഭക്ഷണം കഴിച്ചാല്‍ തെറ്റായ വഴികളിലേക്ക് അത് നിങ്ങളെ നയിക്കും. അതിനാല്‍ അത്തരം ഭക്ഷണം കഴിക്കരുത്. ഏറെ അതിക്രമം നിറഞ്ഞ ഭക്ഷണവും കഴിക്കരുത് സംഘ്പരിവാര്‍ സംഘടനയായ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ആര്‍എസ്എസ് മേധാവി പറഞ്ഞു.
'തെറ്റായ ഭക്ഷണം കഴിക്കുന്നത് നിങ്ങളെ തെറ്റായ പാതയിലേക്ക് നയിക്കും. 'തമസിക്' ഭക്ഷണം കഴിക്കരുത്. ഏറെ അതിക്രമത്തിന്റെ ഫലമായുണ്ടാകുന്ന ഭക്ഷണവും കഴിക്കരുത്' ഭാഗവത് പറഞ്ഞു. നോണ്‍വെജ് ഭക്ഷണങ്ങളെയാണ് സാധാരണയായി 'തമസിക്' എന്ന് പറയുന്നത്.
നോണ്‍വെജ് കഴിക്കുന്ന പാശ്ചാത്യ ജനങ്ങളും ഇന്ത്യക്കാരും തമ്മില്‍ വ്യത്യാസമുണ്ടെന്നും മോഹന്‍ ഭാഗവത് അവകാശപ്പെട്ടു. 'ലോകത്തെല്ലായിടത്തും ഉള്ളതുപോലെ നോണ്‍വെജ് കഴിക്കുന്നവര്‍ ഇന്ത്യയിലുമുണ്ട്. എന്നാല്‍, ഇന്ത്യയിലെ നോണ്‍വെജ് കഴിക്കുന്നവര്‍ ചില നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കാറുണ്ട്. നോണ്‍വെജിറ്റേറിയന്‍സ് ശ്രാവണ മാസത്തില്‍ മാംസം കഴിക്കാറില്ല. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും നോണ്‍വെജ് കഴിക്കില്ല. അവര്‍ സ്വയം നിയന്ത്രണം കൊണ്ടുവരാറുണ്ട്' മോഹന്‍ ഭാഗവത് പറഞ്ഞു.
രാജ്യത്ത് നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായ പശ്ചാത്തലത്തിലാണ് നോണ്‍വെജ് ഭക്ഷണത്തെ കുറിച്ച് ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന. നവരാത്രി വേളയില്‍ വിശ്വാസികള്‍ വ്രതമെടുക്കുകയും മാംസ ഭക്ഷണം ഒഴിവാക്കുകയും ചെയ്യാറുണ്ട്.