പള്ളിയില്‍ ഉറങ്ങുകയായിരുന്ന ഇമാമിന് നേരെ ആക്രമണം; അക്രമികളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു
പള്ളിയില്‍ ഉറങ്ങുകയായിരുന്ന കുന്ദാപുരം സ്വദേശിയായ മുഷ്താഖിനെ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം പ്രകോപനമേതുമില്ലാതെ ആക്രമിക്കുകയായിരുന്നു.
മംഗളൂരു: കര്‍ണാടകയില്‍ പള്ളി ഇമാമിനു നേരെ ആക്രമണം. മംഗളൂരുവിനടുത്തുള്ള ഫാരംഗിപേട്ട് പട്ടണത്തിനടുത്തുള്ള ബിര്‍ഗുല്‍ മസ്ജിദിലെ ഇമാമിനെയാണ് പള്ളിയില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ചൊവ്വാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു സംഭവം. പള്ളിയില്‍ ഉറങ്ങുകയായിരുന്ന കുന്ദാപുരം സ്വദേശിയായ മുഷ്താഖിനെ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം പ്രകോപനമേതുമില്ലാതെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇമാം മുഷ്താഖിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇമാമിന്റെ പരാതിയില്‍ ബന്ത്വാള്‍ റൂറല്‍ പോലിസ് കേസെടുത്തു. അക്രമി സംഘത്തിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്.