മുംബൈ: പള്ളിയില്‍ കയറി ഇമാമിനെ ആക്രമിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞ് മര്‍ദ്ദിക്കുകയും ചെയ്തു. ജയ്ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതോടെ ഇമാമിന്റെ താടി മുറിമാറ്റുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇമാം ആശുപത്രിയില്‍ ചികില്‍സയിലാണ്. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ ഞായാറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ജല്‍ന ജില്ലയില്‍ അന്‍വ ഗ്രാമത്തിലെ പള്ളിയില്‍ ഞായറാഴ്ച രാത്രി 7.30ഓടെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനിടെയാണ് ഇമാം സാക്കിര്‍ സയ്യിദ് ഖാജയ്ക്കു നേരെ ആക്രമണം ഉണ്ടായത്. മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗസംഘം ഇമാമിനെ കൈയേറ്റം ചെയ്യുകയും ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു വിസമ്മതിച്ചതോടെ ഇമാമിനെ പള്ളിക്കു പുറത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. രാസവസ്തു കലര്‍ന്ന തുണി ഉപയോഗിച്ച് ഇമാമിനെ ബോധം കെടുത്തിയായിരുന്നു അതിക്രമം. ബോധം തിരിച്ചുകിട്ടിയപ്പോഴാണ് താടി മുറിച്ചുമാറ്റിയത് മനസ്സിലായത്. കാവി ഷാള്‍ മുഖത്ത് ചുറ്റിയെത്തിയ മൂന്നുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് ഇമാം സാക്കിര്‍ സയ്യിദ് ഖാജ പറഞ്ഞു. രാത്രി എട്ടോടെ പരിസരവാസികള്‍ പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ എത്തിയപ്പോഴാണ് പുറത്ത് അബോധാവസ്ഥയില്‍ കിടക്കുന്ന ഇമാമിനെ കണ്ടത്. തുടര്‍ന്ന് അദ്ദേഹത്തെ സില്ലോഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഔറംഗബാദിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ മസ്ജിദ് സ്ഥിതി ചെയ്യുന്ന അന്‍വര്‍ ഗ്രാമത്തിലെത്തി പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭോകര്‍ദാനിലെ പരാദ് പോലിസ് സ്‌റ്റേഷനില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട് ഐപിസി 452, 323, 34 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തില്‍ സുരക്ഷ ശക്തമാക്കുകയും പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ വന്‍ പോലിസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷം ഇല്ലാതാക്കാന്‍ പോലിസിനെ വിന്യസിച്ചതായും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും സ്ഥലം എസ്.ഐ അഭിജിത്ത് മോര്‍ പറഞ്ഞു. അതിനിടെ, അക്രമികള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ അബു അസിം ആസ്മി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.