അഫ്ഗാന്‍ നയത്തില്‍ യൂ ടേണ്‍ അടിച്ച് ഇന്ത്യ; താലിബാനുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്

താലിബാന്‍ പോരാളികള്‍ അഫ്ഗാന്റെ ഭരണം പിടിച്ചേക്കുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് മുല്ലാ ബറാദര്‍ അടക്കമുള്ള നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്ക് ഒരുക്കം തുടങ്ങിയത്.

Update: 2021-06-09 09:31 GMT

ന്യൂഡല്‍ഹി: അഫ്ഗാന്‍ നയത്തില്‍ കാതലായ മാറ്റത്തിനൊരുങ്ങി ഇന്ത്യ. ചരിത്രത്തിലാദ്യമായി താലിബാന്‍ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിട്ട് കേന്ദ്രസര്‍ക്കാര്‍. താലിബാന്‍ പോരാളികള്‍ അഫ്ഗാന്റെ ഭരണം പിടിച്ചേക്കുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് മുല്ലാ ബറാദര്‍ അടക്കമുള്ള നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്ക് ഒരുക്കം തുടങ്ങിയത്.

അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യത്തിന്റെ സംപൂര്‍ണ പിന്‍മാറ്റത്തോടെ അഫ്ഗാന്‍ താലിബാന്റെ കൈപിടിയിലമരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അഫ്ഗാന്‍ താലിബാനുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന ന്യൂഡല്‍ഹിയുടെ പഴയ നിലപാടില്‍നിന്നുള്ള സുപ്രധാന മാറ്റത്തെയാണ് പുതിയ നീക്കം അടയാളപ്പെടുത്തുന്നത്. ഭാവിയില്‍ അഫ്ഗാന്‍ രാഷ്ട്രീയത്തില്‍ താലിബാന്‍ പോരാളികള്‍ തന്ത്രപ്രധാന സ്ഥാനം അലങ്കരിക്കുമെന്ന വിലയിരുത്തലുകളാണ് നിര്‍ണായക നയംമാറ്റത്തിന് ഇന്ത്യയെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.

അഫ്ഗാന്‍ താലിബാന്‍ നേതൃത്വവുമായി കേന്ദ്രസര്‍ക്കാര്‍ ആശയവിനിമയത്തിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടതായി ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യം അതിവേഗം പിന്‍മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നീക്കമെന്നും അവര്‍ അറിയിച്ചു. നിലവില്‍ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അഫ്ഗാന്‍ ദേശീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന താലിബാന്‍ നേതാക്കളുമായി മാത്രമാണ് ആശയവിനിമയത്തിനു ശ്രമിക്കുന്നതെന്നും പാക്, ഇറാന്‍ സ്വാധീനമുള്ള നേതാക്കളുമായി ചര്‍ച്ചയ്ക്കില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഏതാനും മാസങ്ങളായി ഈ ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

താലിബാന്റെ സഹസ്ഥാപകരനും സംഘടനയിലെ രണ്ടാമത്തെ ഏറ്റവു വലിയ നേതാവുമായ മുല്ലാ ബറാദര്‍ ഇന്ത്യ ആശയവിനിമയം നടത്തിയെന്നും എന്നാല്‍ ഇരുവിഭാഗവും കടിക്കാഴ്ച നടന്നതായി വിവരമില്ലെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. മറ്റു താലിബാന്‍ നേതാക്കളുമായും ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ഇതുവരെ അഭിപ്രായ സമന്വയത്തിലെത്താന്‍ സാധിച്ചിട്ടില്ല.

താലിബാന്‍ നേതാവ് മുല്ല ബറാദറും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും തമ്മില്‍ യുഎസ് സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറുന്നതു സംബന്ധിച്ച് കരാറൊപ്പിട്ടിരുന്നു. നിലവില്‍ ദോഹയിലെ താലിബാന്‍ ഓഫിസിന്റെ ചുമതലയാണ് മുല്ല ബറാദറിനുള്ളത്. അഫ്ഗാന്‍ താലിബാന്‍ നിയന്ത്രണത്തിലായിരുന്ന 1996-2001 കാലത്ത് ബറാദറിന് വലിയ ചുമതലകളാണ് ഉണ്ടായിരുന്നത്. കാബൂളിലെ ഹമീദ് കര്‍സായി സര്‍ക്കാരുമായി വിലപേശല്‍ നടത്തുന്നതിനിടെ 2010ല്‍ ഇയാളെ പാക് ചാരസംഘടനയായ ഐഎസ്‌ഐ പിടികടിയിരുന്നു. തുടര്‍ന്ന് 2018ലാണ് ഇയാളെ പാകിസ്താന്‍ മോചിപ്പിച്ചത്.

നിലവില്‍ ദക്ഷിണേഷ്യന്‍ മേഖലയില്‍ നിന്ന് അഫ്ഗാന്‍ പുനര്‍നിര്‍മാണത്തിനായി ഏറ്റവും വലിയ സഹായവാഗ്ദാനം നടത്തിയ രാജ്യവും ഇന്ത്യയാണ്. രണ്ട് ലക്ഷം കോടി രൂപയുടെ സഹായമാണ് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുള്ളത്. എന്നാല്‍ പാക് സഹായത്തോടെ താലിബാനുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതില്‍ റഷ്യയും ചൈനയും ഇറാനും അടക്കമുള്ള രാജ്യങ്ങള്‍ ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ട്.


Tags:    

Similar News