രണ്ട് സ്ത്രീകളെ പൂര്‍ണനഗ്നരാക്കി റോഡിലൂടെ നടത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്തു; മണിപ്പൂരിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ക്രൂരമായ ആക്രമണത്തിനിരയായത് കുക്കി സ്ത്രീകള്‍

Update: 2023-07-19 16:55 GMT
ഇംഫാല്‍: രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടുറോഡിലൂടെ നടത്തിച്ച ശേഷം വയലിലെത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്‌തെന്ന് ആരോപിച്ചുള്ള മണിപ്പൂരില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വടിയും മറ്റുമേന്തി ഒരു കൂട്ടം പുരുഷന്‍മാര്‍ രണ്ടു സ്ത്രീകളെ പൂര്‍ണനഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും വയലിലേക്ക് വലിച്ചുകൊണ്ടുപോവുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. സ്ത്രീകളെ നടത്തിച്ചുകൊണ്ടുപോവുന്നതിനിടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും ഭയാനകദൃശ്യങ്ങളിലുണ്ട്. ഇക്കഴിഞ്ഞ മെയ് നാലിന് തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാങ്‌പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്ന് ഇന്‍ഡിജിനസ് െ്രെടബല്‍ ലീഡേഴ്‌സ് ഫോറം (ഐടിഎല്‍എഫ്) പ്രസ്താവനയില്‍ അറിയിച്ചു. ദൃശ്യങ്ങള്‍ വന്‍തോതില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദേശീയ മാധ്യമങ്ങൡലടക്കം വന്‍ ചര്‍ച്ചയായിട്ടുണ്ട്. ക്രൂരമായ അതിക്രമത്തിനിരയാ രണ്ട് സ്ത്രീകളും കുക്കി ഗോത്ര വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് കുക്കി ഗോത്രത്തെ പ്രതിനിധീകരിക്കുന്ന ഐടിഎല്‍എഫ് പ്രസ്താവനയില്‍ പറഞ്ഞു.

    'മെയ്ത്തികളുടെ ഒരു വലിയ ആള്‍ക്കൂട്ടം രണ്ട് കുക്കിസോ ആദിവാസി സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച് നെല്‍വയലിലെത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്യുന്നതാണ് വൈറല്‍ ആയ വീഡിയോയിലുള്ളത്. മെയ് നാലിന് കാങ്‌പോക്പി ജില്ലയില്‍ നടന്ന നിന്ദ്യമായ ദൃശ്യമാണിത്. നിരാലംബരായ സ്ത്രീകളെ പുരുഷന്‍മാര്‍ നിരന്തരം പീഡിപ്പിക്കുന്നതും കാണാം. ബന്ദികളാക്കിയവരോട് സ്ത്രീകള്‍ കരഞ്ഞ് യാചിക്കുന്നുണ്ടെന്നും ഐടിഎല്‍എഫ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷനോടും ദേശീയ പട്ടികവര്‍ഗ കമ്മീഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും ഞെട്ടല്‍ രേഖപ്പെടുത്തുകയും ഭയാനകമായ പ്രവൃത്തിയില്‍ ഉള്‍പ്പെട്ട വര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെടുകയും ചെയ്തു. ദൃശ്യങ്ങള്‍ അസ്വസ്ഥജനകമാണെന്നും മണിപ്പൂരില്‍ വിദ്വേഷം വിജയിച്ചെന്നും ത്രിപുരയിലെ തിപ്ര മോത പാര്‍ട്ടി നേതാവ് പ്രദ്യോത് ബിക്രം മാണിക്യ ദേബ്ബര്‍മ ട്വീറ്റ് ചെയ്തു. പട്ടികവര്‍ഗ പദവിക്കു വേണ്ടിയുള്ള മെയ്‌തെയ് വിഭാഗത്തിന്റെ ആവശ്യത്തെതുടര്‍ന്നാണ് മണിപ്പൂരില്‍ സംഘര്‍ഷം ഉടലെടുത്തത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് കലാപത്തില്‍ 120ലേറെ പേര്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News