ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ ആയിരക്കണക്കിന് മുസ്ലിം വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്ത്
ഹാര്‍ബര്‍ ഡിഎംകെ എംല്‍എ ശേഖര്‍ ബാബുവിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഹാര്‍ബറില്‍ മാത്രം പതിനായിരത്തിലേറെ മുസ്ലിം വോട്ടര്‍മാരുടെ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ഒഴിവായ വോട്ടര്‍മാരെ വീണ്ടും പട്ടികയില്‍ ചേര്‍ക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
ചെന്നൈ: ത്രികോണ മല്‍സരം നടക്കുന്ന തമിഴ്‌നാട്ടിലെ ചെന്നൈ സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ആയിരക്കണക്കിന് മുസ്ലിം വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്ത്. ഹാര്‍ബര്‍ ഡിഎംകെ എംല്‍എ ശേഖര്‍ ബാബുവിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഹാര്‍ബറില്‍ മാത്രം പതിനായിരത്തിലേറെ മുസ്ലിം വോട്ടര്‍മാരുടെ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ഒഴിവായ വോട്ടര്‍മാരെ വീണ്ടും പട്ടികയില്‍ ചേര്‍ക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
അതേ സമയം, മുസ്ലിം പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത് മനപൂര്‍വ്വമല്ലെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്. ഭൂരിഭാഗം പേരും വീണ്ടും വോട്ട് ചേര്‍ക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ ഇവരുടെ പേരു കൂടി ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ വീട്ടിലും അയല്‍വീടുകളിലുമായി 500ലേറെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഹാര്‍ബറില്‍ വോട്ടറായ ഷാഹുല്‍ ഹമീദ് പറഞ്ഞു. ഇവരുടെ പേരുകള്‍ വീണ്ടും ചേര്‍ക്കുന്നതിനുള്ള കാംപയ്ന്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെന്ന പരാതി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചെന്നൈ കോര്‍പറേഷന്‍ കമ്മീഷണറും ചെന്നൈ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറുമായ ജി പ്രകാശ് പറഞ്ഞു. വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടത് മനപൂര്‍വ്വമോ ദുരുദ്ദേശത്തോട് കൂടിയോ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടികയില്‍ വിലാസം അപ്‌ഡേറ്റ് ചെയ്യാതെ വോട്ടര്‍മാര്‍ വീട് മാറിയതാകാം ഒഴിവാക്കപ്പെടാനുള്ള കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെന്നൈയിലെ വോട്ടര്‍മാരില്‍ 50 ശതമാനത്തോളം വാടക വീടുകളിലാണ് താമസിക്കുന്നതെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പലരും ഇടയ്ക്കിടെ വീട് മാറാറുണ്ട്. എന്നാല്‍, പുതിയ വിലാസം വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാറില്ല. പട്ടികയിലുള്ള വിലാസത്തില്‍ പരിശോധന നടത്തിയാണ് തങ്ങള്‍ വോട്ടര്‍മാരെ നീക്കം ചെയ്യുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡിബേറ്റ്‌സ് ഇന്‍ ഡവല്പ്‌മെന്റ് പോളിസി(സിആര്‍ഡിഡിപി) തയ്യാറാക്കിയ റിപോര്‍ട്ട് പ്രകാരം രാജ്യത്ത് മൊത്തം മൂന്ന് കോടി മുസ്ലിം വോട്ടര്‍മാരും നാല് കോടി ദലിത് വോട്ടര്‍മാരും പട്ടികയ്ക്ക് പുറത്തായിട്ടുണ്ട്. ഇത്തരം മിസ്സിങ് വോട്ടര്‍മാരെ വീണ്ടും പട്ടികയില്‍ ചേര്‍ക്കുന്നതിന് സിആര്‍ഡിഡിപിയും സഹ സംഘടനകളും കാംപയ്ന്‍ ആരംഭിച്ചിട്ടുണ്ട്.
ഖാഇദെമില്ലത്തിന്റെ കുടുംബത്തില്‍പ്പെട്ട ആറു പേര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ പൗത്രന്‍ എം ജി ദാവൂദ് മിയാഖാന്‍ പറഞ്ഞു. ചെന്നൈയില്‍ വോട്ടര്‍മാരെ വീണ്ടും പട്ടികയില്‍ ചേര്‍ക്കുന്നതിനുള്ള കാംപയ്‌ന് നേതൃത്വം കൊടുക്കുന്നവരില്‍ ഒരാളാണ് ദാവൂദ് മിയാഖാന്‍.