പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയില്‍ പ്രതിഷേധം; 79 പ്രതിപക്ഷ എംപിമാരെ സസ്‌പെന്റ് ചെയ്തു

Update: 2023-12-18 12:27 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയതിന് ലോക്‌സഭ, രാജ്യസഭാംഗങ്ങള്‍ ഉള്‍പ്പെടെ 79 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. ഇതേവിഷയത്തില്‍ 14 എംപിമാരെ കഴിഞ്ഞയാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ ഈ സെഷനില്‍ സസ്‌പെന്റെ ചെയ്യപ്പെട്ട എംപിമാരുടെ ആകെ എണ്ണം 92 ആയി. ലോക്‌സഭയില്‍ 30 എംപിമാരെ സമ്മേളനത്തിന്റെ ശേഷിക്കുന്ന സമയത്തേക്കാണ് സസ്‌പെന്റ് ചെയ്തു. പ്രിവിലേജസ് കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു. രാജ്യസഭയില്‍ 35 അംഗങ്ങളെ സമ്മേളനത്തിന്റെ ബാക്കി ഭാഗത്തേക്കും 11 അംഗങ്ങളെ പ്രിവിലേജസ് പാനല്‍ റിപോര്‍ട്ട് നല്‍കുന്നതുവരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട രാജ്യസഭാ എംപി ഡെറക് ഒബ്രിയനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

    ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, സഭയിലെ പാര്‍ട്ടി ഉപനേതാവ് ഗൗരവ് ഗൊഗോയ് എന്നിവരും ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരില്‍ ഉള്‍പ്പെടുന്നു. തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി, കക്കോലി ഘോഷ് ദസ്തിദാര്‍, സൗഗത റേ, സതാബ്ദി റോയ്, ഡിഎംകെ അംഗങ്ങളായ എ രാജ, ദയാനിധി മാരന്‍ എന്നിവരും പട്ടികയിലുണ്ട്. രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ ജയറാം രമേഷ്, രണ്‍ദീപ് സിങ് സുര്‍ജേവാല, കെസി വേണുഗോപാല്‍, ഡിഎംകെയുടെ കനിമൊഴി, ആര്‍ജെഡിയുടെ മനോജ് കുമാര്‍ ഝാ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു.

    സര്‍ക്കാര്‍ ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്നും പാര്‍ലമെന്റിനെ ബിജെപി ആസ്ഥാനമായാണ് കണക്കാക്കുന്നതെന്നും അധീര്‍ രഞ്ജന്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം സര്‍ക്കാരുമായി സഹകരിക്കുന്നുണ്ട്. ഈ സര്‍ക്കാര്‍ സ്വേച്ഛാധിപത്യത്തിന്റെ പരകോടിയിലെത്തി. അവര്‍ക്ക് ഭൂരിപക്ഷമുണ്ട്. അധികാരത്തിന്റെ വടി ഉപയോഗിക്കുകയാണ്. പാര്‍ലമെന്റ് ഒരു പാര്‍ട്ടി ഓഫിസ് പോലെ നടത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാലത് നടക്കില്ല. ഞങ്ങള്‍ ഒരു ചര്‍ച്ചയുടെ പ്രതീക്ഷയിലായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നത് അവര്‍ക്ക് എളുപ്പമാണെന്ന് തോന്നുന്നു. പക്ഷേ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാര്‍ പ്രതിപക്ഷത്തെ ബുള്‍ഡോസര്‍ ചെയ്യുകയാണെന്നും വന്‍ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആഭ്യന്തരമന്ത്രി ഭയപ്പെടുന്നുവെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു. ലോക്‌സഭയ്ക്ക് പുറത്ത് പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റിലൂടെ സര്‍ക്കാരിന് ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ലാത്ത പ്രധാനപ്പെട്ട നിയമനിര്‍മാണങ്ങള്‍ ബുള്‍ഡോസ് ചെയ്യാനും ഏത് വിയോജിപ്പും ചര്‍ച്ചകളില്ലാതെ നടപ്പാക്കാനും കഴിയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. 'ഡിസംബര്‍ 13ലെ അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയെ കുറിച്ച് പ്രധാനമന്ത്രി ലോക്‌സഭയില്‍ ഒരു പ്രമുഖ പത്രത്തോട് സംസാരിക്കുന്നു. സുരക്ഷാവീഴ്ചയെക്കുറിച്ച് ആഭ്യന്തരമന്ത്രി ഒരു ടിവി ചാനലിനോട് സംസാരിക്കുന്നു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നു. ഇന്ത്യന്‍ പാര്‍ട്ടികള്‍ ആഭ്യന്തരമന്ത്രിയില്‍ നിന്ന് പ്രസ്താവന ആവശ്യപ്പെടുന്നു. ഞെട്ടിപ്പിക്കുന്ന സംഭവങ്ങളെ കുറിച്ച് ഇരുസഭകളുടെയും ലളിതവും നേരായതും നിയമാനുസൃതവുമായ ആവശ്യമാണത്. എന്നാല്‍ ആഭ്യന്തരമന്ത്രി തന്റെ കടമയും ഉത്തരവാദിത്തവുമുള്ള പ്രസ്താവന നടത്താന്‍ വിസമ്മതിക്കുകയാണെന്ന് ജയറാം മേശ് എക്‌സില്‍ പോസ്റ്റ് ചെയ്തു. ദൈനിക് ജാഗരണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍, സുരക്ഷാ വീഴ്‌ചെ വളരെ ഗൗരവമുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നെങ്കിലും ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമായിരുന്നു അഭിപ്രായപ്പെട്ടത്. സഭയ്ക്കുള്ളിലെ സുരക്ഷ സെക്രട്ടേറിയറ്റിന്റെ പരിധിയിലാണെന്നും കേന്ദ്രസര്‍ക്കാരിനെ ഇടപെടാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ വാദം.

    ഇക്കഴിഞ്ഞ ബുധനാഴ്ച ലോക്‌സഭാ ചേംബറില്‍ രണ്ടുപേര്‍ അതിക്രമിച്ചു കയറി മേശയിലേക്ക് ചാടുകയും കാനിസ്റ്ററുകളില്‍ നിന്ന് പുക സ്േപ്ര പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതേസമയം തന്നെ ഇവരുടെ കൂട്ടാളികള്‍ പാര്‍ലമെന്റിന് പുറത്ത് സമാനമായ പ്രതിഷേധം നടത്തി. മണിപ്പൂരിലെ അക്രമം, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് പിടിയിലായവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് ആകെ ആറ് പേരാണ് അറസ്റ്റിലായത്. അതിക്രമിച്ചു കടക്കുന്നവര്‍ക്കെതിരെ ഡല്‍ഹി പോലിസ് യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.

Tags:    

Similar News