
സീതാപൂര്‍: ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ വിഭര്‍പൂരില്‍ അംബേദ്ക്കറുടെയും ഗൗതമ ബുദ്ധന്റെയും പ്രതിമകള്‍ പോലിസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കി. ഏപ്രില്‍ അഞ്ചിന് പഞ്ചായത്ത് കെട്ടിടത്തിന് മുന്നിലാണ് സംഭവം. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ദലിതരായ നാട്ടുകാര്‍ക്കും പോലിസുകാര്‍ക്കും പരിക്കേറ്റു. അനുമതിയില്ലാതെ സ്ഥാപിച്ച പ്രതിമകളാണ് പൊളിച്ചു മാറ്റിയതെന്ന് പോലിസ് പറയുന്നു. പ്രതിമ പൊളിക്കാന്‍ വന്നപ്പോള്‍ നാട്ടുകാര്‍ കല്ലെറിയുകയായിരുന്നു എന്നും പോലിസ് ആരോപിച്ചു. എന്നാല്‍, പോലിസ് യുദ്ധ സന്നാഹവുമായാണ് വന്നതെന്ന് നാട്ടുകാര്‍ പറയുന്നു.


പ്രദേശത്ത് അംബേദ്ക്കറുടെയും ബുദ്ധന്റെയും പ്രതിമ സ്ഥാപിക്കാന്‍ ജനുവരിയിലാണ് നാട്ടുകാര്‍ തീരുമാനിച്ചത്. നാട്ടുകാര്‍ പണം പിരിച്ചാണ് പ്രതിമകള്‍ തയ്യാറാക്കിയത്. പ്രദേശത്തെ ഒരു വീട്ടുകാര്‍ മാത്രമാണ് പണം നല്‍കാതിരുന്നത്. ഇവരാണ് പോലിസില്‍ പരാതി നല്‍കിയത്. പോലിസാവാട്ടെ ബുള്‍ഡോസറുകളുമായി എത്തി പ്രതിമകള്‍ പൊളിച്ചു നീക്കുകയായിരുന്നു. പോലിസ് അനാവശ്യമായി ബലം പ്രയോഗിക്കുകയായിരുന്നുവെന്ന് സ്ഥലം എംപിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ആനന്ദ് ബഹദൂരിയ പരഞ്ഞു. ചര്‍ച്ച ചെയ്തു പരിഹരിക്കേണ്ടിയിരുന്ന വിഷയമായിരുന്നു ഇത്. പക്ഷേ, സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചു. ദലിതുകളായ സ്ത്രീകളെയും കുട്ടികളെയും പോലിസ് ക്രൂരമായി മര്‍ദ്ദിച്ചതായും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിന് ശേഷം ഏപ്രില്‍ ആറിന് ലധോര ഗ്രാമത്തിലെ അംബേദ്ക്കര്‍ പ്രതിമയും പോലിസ് പൊളിച്ചു. അംബേദ്ക്കര്‍ പ്രതിമകള്‍ പൊളിക്കുന്നത് യുപിയില്‍ സ്ഥിരം സംഭവമായിരിക്കുകയാണെന്ന് ആസാദ് സമാജ് പാര്‍ട്ടി സംസ്ഥാന വൈസ്പ്രസിഡന്റ് സൗരഭ് കിഷോര്‍ പറഞ്ഞു.