'മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചു'; ബ്രിട്ടാസിനെതിരേ പരാതിയുമായി ബിജെപി

Update: 2023-01-04 05:16 GMT

ന്യൂഡല്‍ഹി: മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്നാരോപിച്ച് ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരേ രാജ്യസഭാ ചെയര്‍മാന് ബിജെപി പരാതി നല്‍കി. കോഴിക്കോട് നാല് ദിവസമായി നടന്ന കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ (കെഎന്‍എം) 10ാം സംസ്ഥാന സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് ബിജെപിയുടെ പരാതി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീറാണ് രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍കറിന് പരാതി നല്‍കിയത്. ബ്രിട്ടാസിന്റെ പ്രസംഗം മതവിദ്വേഷം നിറഞ്ഞതായിരുന്നു എന്നും സമൂഹത്തെ ഭിന്നിപ്പിക്കാനും മതങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതിനും അദ്ദേഹം പ്രസംഗത്തിലൂടെ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.

എംപിക്കെതിരേ നടപടി വേണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ബ്രിട്ടാസിനെതിരേ രംഗത്തുവന്നിരുന്നു. ബ്രിട്ടാസും സിപിഎമ്മും നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. സമ്മേളനത്തില്‍ പങ്കെടുത്ത ഗോവ ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റുമായ പി എസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തെ കീറിമുറിച്ചായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം. ശ്രീധരന്‍പിള്ളയ്ക്ക് മറുപടിയായി അതേവേദിയില്‍ വച്ചുതന്നെ സിപിഐ നേതാവ് ബിനോയ് വിശ്വവും പ്രതികരിച്ചിരുന്നു.

സംവാദം നടത്തി ആര്‍എസ്എസിന്റെ നിലപാട് മാറ്റാന്‍ കഴിയുമെന്ന് കെഎന്‍എം കരുതുന്നുണ്ടോ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. ഇന്ത്യ ഭരിക്കുന്നവര്‍ രാജ്യത്തെ പിന്നാക്കക്കാരേയും ന്യൂനപക്ഷങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരല്ലെന്നും സംവാദം കൊണ്ട് അവരുടെ സംസ്‌കാരത്തെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് മുജാഹിദ് നേതാക്കള്‍ വിചാരിക്കുന്നുണ്ടോ എന്നുമായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം.

പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍:

'ജനാധിപത്യം അര്‍ഥപൂര്‍ണമാവണമെങ്കില്‍ എല്ലാവിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം അനിവാര്യം. ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ ഓരോന്ന് എടുത്താലും ന്യൂനപക്ഷ പ്രാതിനിധ്യം തീര്‍ത്തും നിസ്സാരമാണ്. വലിയൊരു ശൂന്യത കാണാം. സംഘ്പരിവാറിന്റെ വക്താക്കളെ ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ ശ്രമംനടത്തുന്നു. നിങ്ങളെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറാവുമോ? ഇല്ലെങ്കില്‍ അത് ചോദിക്കേണ്ടതില്ലേ? നിങ്ങളോട് സംവദിക്കാന്‍വരുന്ന പരിവാര്‍നേതാക്കള്‍ തൊട്ടപ്പുറത്തേക്കിറങ്ങി മറ്റൊരു ന്യൂനപക്ഷത്തിന്റെ വേദികളില്‍പോയി എന്താണ് പറയുന്നത്?

നിങ്ങളെയും അവരെയും തമ്മില്‍ തല്ലിക്കാനുള്ള ഹീനമായ ശ്രമങ്ങള്‍ പരസ്യമായല്ലേ അരങ്ങേറുന്നത്? അയോധ്യ കഴിഞ്ഞപ്പോള്‍ പല മാധ്യമങ്ങളും നിരീക്ഷകരും പറഞ്ഞു, ധ്രുവീകരണനാളുകള്‍ കഴിഞ്ഞു എന്ന്. അത് അവസാനിക്കുന്നില്ല എന്ന് ഞങ്ങള്‍ അന്നേ പറഞ്ഞു. അത് ശരിവെക്കുന്നതല്ലേ കാശിക്കും മഥുരക്കും മേല്‍ ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങള്‍? ആര്‍എസ്എസിന്റെ തനതായ സംസ്‌കാരം സംവാദംകൊണ്ടു മാറ്റാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ?'

Tags:    

Similar News