ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രം, അഖണ്ഡഭാരതം വരുംകാലത്ത് യാഥാര്‍ഥ്യമാവും: യോഗി ആദിത്യനാഥ്

Update: 2023-02-16 09:48 GMT

ലഖ്‌നോ: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അഖണ്ഡ ഭാരതം വരും കാലങ്ങളില്‍ യാഥാര്‍ഥ്യമാവുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു സ്വത്വം ഓരോ ഇന്ത്യക്കാരന്റെയും സാംസ്‌കാരിക പൗരത്വമാണ്. ഹിന്ദു എന്നത് ഒരു മതമോ വിഭാഗമോ അല്ല. ഇതൊരു സാംസ്‌കാരിക പദമാണെന്നും എബിപി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ആരെങ്കിലും ഹജ്ജ് നിര്‍വഹിക്കാന്‍ പോവുമ്പോള്‍, അവിടെ അവരെ ഹിന്ദു എന്നാണ് അഭിസംബോധന ചെയ്യുന്നത്. അവിടെ ആരും അയാളെ ഹാജിയായി കാണുന്നില്ല.

ഇസ്‌ലാമായും അംഗീകരിക്കുന്നില്ല. അവിടെ അയാളെ ഹിന്ദുവെന്ന് വിളിക്കുന്നു. ആ പശ്ചാത്തലത്തില്‍ കാണുകയാണെങ്കില്‍, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയിലെ ഓരോ പൗരനും ഹിന്ദുവാണ്. ഇന്ത്യയിലെ എല്ലാ പൗരന്‍മാരും ഹിന്ദുവാണ്. ഹിന്ദു എന്നതിനെ മതമായോ വിശ്വാസവുമായോ ബന്ധപ്പെടുത്തി പറയുമ്പോള്‍, ഹിന്ദുവിനെ മനസിലാക്കുന്നതില്‍ നമ്മള്‍ തെറ്റുവരുത്തുകയാണെന്നും യോഗി പറഞ്ഞു. നമ്മുടെ വഴികാട്ടിയായ ഭരണഘടനയോട് ഓരോ ഇന്ത്യക്കാരനും ഉയര്‍ന്ന ബഹുമാനമുണ്ടായിരിക്കണം. ഇന്ത്യയുമായി കൂടിച്ചേരുകയെന്നത് പാകിസ്താന്റെ താല്‍പര്യമായിമാറും.

ആത്മീയലോകത്ത് പാകിസ്താന്‍ എന്ന ഒന്നില്ല. അവര്‍ ഇത്രയും കാലം അതിജീവിച്ചത് തന്നെ ഭാഗ്യമാണെന്നും പാകിസ്താന്റെ തകര്‍ച്ചയെക്കുറിച്ച് യോഗി പറഞ്ഞു. എത്രയും വേഗം ഇന്ത്യയില്‍ ലയിക്കുകയെന്നത് അവരുടെ താല്‍പര്യമായിരിക്കും. അഖണ്ഡഭാരതമെന്നത് സംഭവിക്കുക തന്നെ ചെയ്യുമെന്നും യോഗം കൂട്ടിച്ചേര്‍ത്തു. സംഘപരിവാറിന്റെ എല്ലാക്കാലത്തെയും ആശയമാണ് പുരാണത്തിലെ അഖണ്ഡഭാരത സങ്കല്‍പം. നേരത്തെ, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും അഖണ്ഡ ഭാരതത്തെക്കുറിച്ച് പറഞ്ഞിരുന്നു.

Tags:    

Similar News