സ്വകാര്യതാ നയത്തിലെ മാറ്റം പിന്‍വലിക്കണം: വാട്‌സ്ആപ്പിനോട് കേന്ദ്ര സര്‍ക്കാര്‍
ഏകപക്ഷീയമായ മാറ്റങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും സ്വീകാര്യമല്ലെന്നും വ്യക്തമാക്കിയാണ് കേന്ദ്രം ഈ ആവശ്യമുന്നയിച്ചത്.
ന്യൂഡല്‍ഹി: ഇന്ത്യക്കാരായ ഉപയോക്താക്കള്‍ക്ക് സ്വകാര്യതാ നയത്തില്‍ വരുത്തിയ മാറ്റം പിന്‍വലിക്കാന്‍ വാട്‌സ്ആപ്പിനോട് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ഏകപക്ഷീയമായ മാറ്റങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും സ്വീകാര്യമല്ലെന്നും വ്യക്തമാക്കിയാണ് കേന്ദ്രം ഈ ആവശ്യമുന്നയിച്ചത്.
ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക അറിയിക്കുന്നതിന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വാട്‌സ്ആപ്പ് സിഇഒ വില്‍ കാത്കാര്‍ട്ടിന് കത്തെഴുതി. ഏകപക്ഷീയമായ നയമാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഫേയ്‌സ്ബുക്കിന് നല്‍കാനുള്ള വാട്‌സ്ആപ്പിന്റെ നീക്കം ഉപയോക്താക്കള്‍ക്ക് സുരക്ഷാ ഭീഷണിയുയര്‍ത്തും. വാട്‌സ്ആപ്പിന്റെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ.
കമ്പനി ഇപ്പോള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മാറ്റങ്ങള്‍ ഇന്ത്യക്കാരുടെ പരമാധികാരത്തെയും തിരഞ്ഞെടുക്കാനുള്ള അവസരവും സംബന്ധിച്ച് ആശങ്കയുണര്‍ത്തുന്നതാണെന്നും കത്തില്‍ പറയുന്നു. വിവരങ്ങളുടെ സ്വകാര്യത, തിരഞ്ഞെടുക്കാനുള്ള അവകാശം, ഡാറ്റാ സുരക്ഷിതത്വം തുടങ്ങിയവ സംബന്ധിച്ച സമീപനം പുനപ്പരിശോധിക്കണമെന്നും പുതുതായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റം പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.