ആര്‍ബിഐയുടെ ആദ്യ ഡിജിറ്റല്‍ കറന്‍സി ഡിസംബറില്‍
റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിഡിബിസി)യുടെ ടെസ്റ്റിംഗ് പ്രോഗ്രാം ഡിസംബര്‍ മാസത്തോടെ ആരംഭിക്കുമെന്നാണ് ശക്തികാന്തദാസ് വ്യക്തമാക്കിയിരിക്കുന്നത്.
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തങ്ങളുടെ ആദ്യ ഡിജിറ്റല്‍ കറന്‍സി ഡിസംബറോടെ പുറത്തിറക്കിയേക്കും.ഇതിനായുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചതായി കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു റിസര്‍വ് ബാങ്ക് തലവന്‍ ഈ പ്രഖ്യാപനം നടത്തിയത്. ഘട്ടങ്ങളായാണ് ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്.
റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിഡിബിസി)യുടെ ടെസ്റ്റിംഗ് പ്രോഗ്രാം ഡിസംബര്‍ മാസത്തോടെ ആരംഭിക്കുമെന്നാണ് ശക്തികാന്തദാസ് വ്യക്തമാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ കറന്‍സികളുമായി ബന്ധപ്പെട്ട് ആര്‍ബിഐ ഏറെ ശ്രദ്ധ ചെലുത്തിവരികയാണ്. ആര്‍ബിഐയ്ക്ക് മാത്രമല്ല, ലോകത്തിന് തന്നെയും നൂതന ഉത്പ്പന്നമാണ് ഡിജിറ്റല്‍ കറന്‍സി എന്നതിനാല്‍ ശ്രദ്ധയോടെയാണ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്.
പണം നേരിട്ട് ഉപയോഗിക്കുന്നതിലുള്ള കുറവും, ജനങ്ങള്‍ക്ക് ക്രിപ്‌റ്റോ കറന്‍സികള്‍ക്കു മേലുള്ള താത്പര്യം ഉയര്‍ന്നു വരുന്നതും പരിഗണിച്ചാണ് ഈ ട്രയല്‍ ആരംഭിക്കുവാനുള്ള തീരുമാനം ആര്‍ബിഐ കൈക്കൊണ്ടത്.
ഡിജിറ്റല്‍ കറന്‍സിയുടെ എല്ലാ തലങ്ങളെക്കുറിച്ചും ആര്‍ബിഐ പഠനം നടത്തി വരികയാണ്. സുരക്ഷിതത്വം, രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ ഡിജിറ്റല്‍ കറന്‍സികള്‍ ഉണ്ടാക്കുവാനിടയുള്ള മാറ്റങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും ആര്‍ബിഐ പഠന വിധേയമാക്കുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള കറന്‍സിയെയും പണ നയത്തെയും ഡിജിറ്റല്‍ കറന്‍സി എങ്ങനെയാണ് ബാധിക്കുക എന്നതും ആര്‍ബിഐ പരിശോധിക്കും.
അടുത്തിടെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായ ടി രവി ശങ്കറും ഡിജിറ്റല്‍ കറന്‍സിയുടെ ലോഞ്ചിങ് സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ ലോഞ്ച് ചെയ്യുന്നതിന്റെ കൃത്യമായ തീയ്യതി പറയുവാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചൈന, ജപ്പാന്‍, സ്വീഡന്‍, തുടങ്ങിയ രാജ്യങ്ങള്‍ ഡിജിറ്റല്‍ കറന്‍സി ട്രയലുകള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അതേ സമയം, യുകെ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നതിന്റെ ആലോചനയിലാണ്. അതായത് ഭാവിയില്‍ ലോക സമ്പദ് മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്നത് ഡിജിറ്റല്‍ കറന്‍സിയാകുമെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
എന്താണ് ഡിജിറ്റല്‍ കറന്‍സി?
കേന്ദ്ര ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി അഥവാ സിബിഡിസി പണത്തിന്റെ ഇലക്ട്രോണിക് രൂപമാണ്. അതായത് നിങ്ങള്‍ എങ്ങനെയാണോ പണം ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നത്, അതേ രീതിയില്‍ തന്നെ ഡിജിറ്റല്‍ കറന്‍സി ഇടപാടുകളും നടത്തുവാന്‍ സാധിക്കും.
മറ്റ് മധ്യവര്‍ത്തികളുടേയോ, ബാങ്കുകളുടേയോ സാന്നിധ്യം ആവശ്യമില്ലാതെ തന്നെ ഈ ഇടപാടുകള്‍ നടത്തുവാന്‍ സാധിക്കും. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് സമാനമായിത്തന്നെയാണ് സിബിഡിസികളും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ക്രിപ്‌റ്റോ കറന്‍സികളെപ്പോലെ ഡിജിറ്റല്‍ കറന്‍സികളുടെ മൂല്യം മാറിക്കൊണ്ടിരിക്കുകയില്ല. രാജ്യത്തെ കേന്ദ്ര ബാങ്കാണ് ഈ ഡിജിറ്റല്‍ കറന്‍സികള്‍ പുറത്തിറക്കുന്നത്.
ഇന്ത്യ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കിയശേഷം എങ്ങനെ വിപണിയിലെത്തിക്കുമെന്ന ആകാംക്ഷയും ടെക് ലോകത്ത് സജീവമായിട്ടുണ്ട്. കറന്‍സി രഹിത സമ്പദ്വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ കാല്‍വയ്പ്പു കൂടിയാകും ഡിജിറ്റല്‍ കറന്‍സി. ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ക്ക് കൂടുതല്‍ കരുത്തേകാനും ഇതോടെ സാധിക്കുമെന്നാണ് പ്രതീക്ഷ.