കൊറോണ രണ്ടാംഘട്ട വ്യാപനം; ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസ് ഇന്ത്യ റദ്ദാക്കി

Update: 2020-12-21 10:22 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ രണ്ടാംഘട്ട വ്യാപനം കണക്കിലെടുത്ത് ഡിസംബര്‍ 31 വരെ ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യ റദ്ദാക്കി. 'യുകെയില്‍ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് യുകെയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും ഡിസംബര്‍ 31 വരെ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്രം അറിയിച്ചു. ഇതേത്തുടര്‍ന്ന് മുകളില്‍പറഞ്ഞ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് യുകെയിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. നാളെ അര്‍ദ്ധരാത്രിക്ക് മുമ്പ് യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. യുകെയില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു സംയുക്ത നിരീക്ഷണ സംഘം ഇന്ന് രാവിലെ യോഗം ചേര്‍ന്നിരുന്നു. കാനഡ, സൗദി അറേബ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. പുതിയ പ്രതിസന്ധിയെ കുറിച്ച് സര്‍ക്കാര്‍ പൂര്‍ണ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

    ഇന്നലെ മുതല്‍ യുകെയില്‍ നിന്ന് വിമാനങ്ങള്‍ നിരോധിക്കാന്‍ ആവശ്യമുയര്‍ന്നിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു. കൊറോണ വൈറസിന്റെ പുതിയ വകഭേദം യുകെയില്‍ കണ്ടെത്തിയതായി അതിവേഗ വ്യാപനമായതിനാല്‍ യുകെയില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും ഉടനടി റദ്ദാക്കണമെന്നുമായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ ട്വീറ്റ്. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലാണ് സപ്തംബറില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം ആദ്യമായി കണ്ടെത്തിയത്. ലണ്ടനിലും യുകെയുടെ മറ്റ് ഭാഗങ്ങളിലും ഇത് അതിവേഗം വ്യാപിച്ചു. ക്രിസ്മസ് ആഘോഷങ്ങള്‍ വരാനിരിക്കെ വ്യാപനം വര്‍ധിച്ചേക്കുമെന്നും ആശങ്കയുയയര്‍ന്നിട്ടുണ്ട്. എന്നാല്‍, കാര്യങ്ങള്‍ നിയന്ത്രണാതീതമാണെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. ഈയിടെ യുകെയില്‍ നിന്ന് മടങ്ങിയെത്തിയ ഒരു രോഗിക്ക് വൈറസ് ബാധിച്ചതായി ഇറ്റലി റിപോര്‍ട്ട് ചെയ്തു. ലോകത്ത് ഇതുവരെ 7.68 കോടി കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ആകെ 16.9 ലക്ഷം പേര്‍ മരണത്തിനു കീഴടങ്ങി.

India Halts UK Flights Till December 31 Over New Strain Of Coronavirus


Tags:    

Similar News