ഇന്ത്യ പ്രധാനം, നല്ല ബന്ധം ആഗ്രഹിക്കുന്നു: താലിബാന്‍

Update: 2021-08-30 05:07 GMT

കാബൂള്‍: ഉപഭൂഗണ്ഡത്തിലെ പ്രധാന ശക്തിയാണ് ഇന്ത്യയെന്നും നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും താലിബാന്‍. നേരത്തെ ഉള്ളത് പോലെ തന്നെ സാംസ്‌കാരിക-വാണിജ്യ-രാഷ്ട്രീയ ബന്ധം തുടരുമെന്നാണ് താലിബാന്റെ പ്രസ്താവന.

ദോഹയിലെ താലിബാന്‍ ഓഫിസ് ഡെപ്യൂട്ടി ഹെഡ് ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനക്‌സായിയാണ് മുന്‍കൂട്ടി തയ്യാറാക്കിയ പ്രസ്താവന വായിച്ചത്. ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ പ്രസ്താവനയാണ് താലിബാന്‍ പുറത്ത് വിട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 46 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം താലിബാന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അഫ്ഗാനിസ്ഥാനിലെ മില്ലി ടെലിവിഷനിലും ശനിയാഴ്ച പ്രക്ഷേപണം ചെയ്തു.

പാക്കിസ്താന് താലിബാന്‍ ഭരണകൂടത്തില്‍ വ്യക്തമായ സ്വാധീനമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടേയുള്ള താലിബാന്റെ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്. അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം പാകിസ്താന്‍ എപ്പോഴും പ്രതികൂല സ്വാധീനമായി കണ്ടിട്ടുണ്ട്. കാബൂളില്‍ ആഗസ്ത് 15 ന് അധികാരം പിടിച്ചെടുത്ത ശേഷം താലിബാന്റെ ഒരു മുതിര്‍ന്ന നേതാവ് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ കുറിച്ച് നടത്തുന്ന ആദ്യ പ്രസ്താവനയാണിത്.

അഫ്ഗാന്‍ പിടിച്ചടക്കിയതിന് പിന്നാലെ ഭരണം ആരംഭിച്ച താലിബാന്‍ അയല്‍ രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലനിര്‍ത്താന്‍ നീക്കം ആരംഭിച്ചിരുന്നു. അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണത്തിലായതോടെ ഇന്ത്യയുടെ സമീപനം എങ്ങനെയായിരിക്കുമെന്ന് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നതിനിടെയാണ് താലിബാന്റെ പ്രസ്താവന. അതേസമയം ഇന്ത്യയിലുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് കേന്ദ്രം വിസ നീട്ടി നല്‍കി. രണ്ടുമാസത്തേക്കാണ് വിസ നീട്ടി നല്‍കിയത്.

കാബൂളില്‍ നിന്ന് ഇതുവരെ 550തിലധികം പേരെ തിരികെയെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ദൗത്യത്തില്‍ സഹകരിച്ചുവെന്നും മന്ത്രാലയം അറിയിച്ചു. ഏതാണ്ട് എല്ലാവരെയും തിരികെയെത്തിച്ചുവെന്ന് പറഞ്ഞ വിദേശകാര്യവക്താവ് ഇനിയും കുറച്ച് പേര്‍ കൂടി ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News