'രാജ്യം ഭരിക്കുന്നത് ഭീരുക്കള്‍'; വൈറലായി മഹുവ മൊയ്ത്രയുടെ പ്രസംഗം (വീഡിയോ)

മുന്‍ സുപ്രീം കോടതി ജസ്റ്റിസ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ പ്രസംഗം പ്രശാന്ത് ഭൂഷണ്‍ തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചു. മഹുവയുടെ പ്രസംഗം പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബും തന്റെ പേജില്‍ പങ്കുവച്ചു.

Update: 2021-02-09 10:23 GMT

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരെയും കലാകാരന്മാരെയും ജയിലിലടയ്ക്കുന്ന ഭീരുക്കളാണു സര്‍ക്കാരിന്റെ തലപ്പത്തെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ലോക്‌സഭാ പ്രസംഗത്തിലാണ് മഹുവ മൊയ്ത്ര കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യമിപ്പോള്‍ കടന്നുപോകുന്നതെന്ന് അവര്‍ പറഞ്ഞു.

അധികാരവും ആയുധവും കിട്ടിക്കഴിഞ്ഞാല്‍ എല്ലാ ഭീരുക്കള്‍ക്കും ഒരു വിചാരമുണ്ട് താനാണ് ഏറ്റവും ധൈര്യശാലിയെന്ന്. എന്നാല്‍, ഭീരുക്കളാണ് രാജ്യം ഭരിക്കുന്നത്. പ്രതിഷേധം ഉയര്‍ത്തുന്നവരേയും പ്രക്ഷോഭകരേയും ഭയക്കുകയാണ് മോദി സര്‍ക്കാര്‍. രാജ്യ തലസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ ബാരിക്കേഡുകളും ഇരുമ്പാണികളും വച്ച് അടച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് റദ്ദാക്കിയും നിരീക്ഷണം ഏര്‍പ്പെടുത്തിയും കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്.

അയല്‍രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന ഹിന്ദുക്കളേയും മറ്റു ന്യൂനപക്ഷങ്ങളേയും സംരക്ഷിക്കാനെന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമം കൊണ്ടുവന്നത്. എന്നാല്‍ സ്വന്തം രാജ്യത്ത് ചൂഷണം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ കുറിച്ച് സര്‍ക്കാരിന് ചിന്തയില്ലെന്നും മഹുവ വിമര്‍ശിച്ചു.

യാതൊരു പരിശോധനയും കൂടാതെയാണ് കര്‍ഷക നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയത്. ഷഹീന്‍ ബാഗില്‍ സമരം ചെയ്ത കര്‍ഷകരെയും വൃദ്ധരെയും വിദ്യാര്‍ഥികളെയും വരെ നിങ്ങള്‍ തീവ്രവാദികളെന്ന് മുദ്രകുത്തിയതെന്നും മഹുവ തുറന്നടിച്ചു.

രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ട മുന്‍ സുപ്രീം കോടതി ജസ്റ്റിസ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ മഹുവ നടത്തിയ പരാമര്‍ശം ബി.ജെ.പി അംഗങ്ങള്‍ തടസ്സപ്പെടുത്തി.

മഹുവയുടെ പ്രസംഗം സാമൂഹിക മാധ്യമങ്ങളും രാജ്യത്തെ പൊതു പ്രവര്‍ത്തകരും പങ്കുവച്ചു. മുന്‍ സുപ്രീം കോടതി ജസ്റ്റിസ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ പ്രസംഗം പ്രശാന്ത് ഭൂഷണ്‍ തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചു. മഹുവയുടെ പ്രസംഗം പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബും തന്റെ പേജില്‍ പങ്കുവച്ചു. രാജ്യസ്‌നേഹികളായ ഓരോ ഇന്ത്യക്കാരനും കേട്ടിരിക്കേണ്ട പ്രസംഗം എന്ന അടിക്കുറിപ്പോടെയാണ് റാണാ അയ്യൂബ് പ്രസംഗം പങ്കുവച്ചത്.

Tags:    

Similar News