ഒക്ടോബറിലോ മറ്റോ ഇന്ത്യ-പാക് യുദ്ധമെന്ന് പാക് മന്ത്രി; മറക്കാനാവാത്ത തിരിച്ചടി നല്‍കുമെന്ന് വെങ്കയ്യ നായിഡു
മാധ്യമങ്ങളില്‍ വാര്‍ത്തയായതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തിരിച്ചടിച്ചത്
ന്യൂഡല്‍ഹി: പുല്‍വാമ-ബാലാകോട്ട് ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കു ശേഷം വീണ്ടും യുദ്ധഭീതിയുയര്‍ത്തി ഇന്ത്യ-പാക് വാക്‌പോര്. ഒക്ടോബറിലോ അതിനു ശേഷമോ ഇന്ത്യ-പാക്കിസ്താന്‍ യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാകിസ്താന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് റാവല്‍പിണ്ടിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍, ഇന്ത്യയെ ആക്രമിച്ചാല്‍ പാകിസ്താന്‍ ഒരിക്കലും മറക്കാനാവാത്ത വിധം തിരിച്ചടിയുണ്ടാവുമെന്ന് ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തിരിച്ചടിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അവസാനത്തെ യുദ്ധമായിരിക്കും ഇതെന്നും കശ്മീരിലെ പോരാട്ടങ്ങള്‍ക്ക് തീരുമാനമെടുക്കേണ്ട സമയം വന്നെന്നുമായിരുന്നു പാക് മന്ത്രിയുടെ പരാമര്‍ശം. ഇന്ത്യയുടെ മുസ് ലിം വിരുദ്ധത മുഹമ്മദലി ജിന്ന നേരത്തേ തിരിച്ചറിഞ്ഞതാണ്. ഇന്ത്യയുമായി ഇനിയും ചര്‍ച്ചയുടെ സാധ്യതകള്‍ തേടുന്നവര്‍ മണ്ടന്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തിരിച്ചടിച്ചത്.
തേജസ് ന്യൂസ് യൂട്യൂബ് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയെ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ അവരുടെ ജീവിതത്തിലൊരിക്കലും മറക്കാത്ത മറുപടി നല്‍കുമെന്നും അദ്ദേഹം വിശാഖപട്ടണത്ത് പറഞ്ഞു. നമ്മള്‍ ആരേയും ആക്രമിച്ചിട്ടില്ല, ആരെയും ആക്രമിക്കില്ലെന്ന് ഉറപ്പു കൊടുക്കാനുമാവും. എല്ലാവരും നമ്മളെ ആക്രമിക്കാനാണു വന്നത്. എന്നാല്‍ ആരെങ്കിലും ഇങ്ങോട്ട് ആക്രമിക്കാന്‍ ശ്രമിച്ചാല്‍, അവരുടെ ജീവിതകാലത്ത് ഒരിക്കലും മറക്കാനാവാത്ത മറുപടി നല്‍കിയിരിക്കും. നമ്മള്‍ക്ക് യുദ്ധക്കൊതിയില്ല. സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന പൗരന്മാരാണ് ഇന്ത്യക്കാരെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ മറ്റു രാജ്യങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതും ഇഷ്ടപ്പെടുന്നില്ല. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം തന്നെയാണ്.
അക്കാര്യത്തില്‍ ചര്‍ച്ചയുടെ ആവശ്യകതയെന്താണ്. നമ്മുടെ അയല്‍വാസികള്‍ തീവ്രവാദികള്‍ക്ക് പണവും പരിശീലനവും നല്‍കി ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത് മനുഷ്യത്വരഹിതമാണ്. ഇത് അവര്‍ക്ക് തന്നെ ദോഷമായി തീരുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഇരുരാജ്യങ്ങളും വാക്‌പോര് തുടരുകയാണ്.