ഗാംബിയയില്‍ കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

Update: 2022-10-06 04:52 GMT

ന്യൂഡല്‍ഹി: ആഫ്രിക്കയിലെ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിനിടയാക്കിയത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പാണെന്ന ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഹരിയാന ആസ്ഥാനമായുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരേയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച നാല് തരം ചുമ, ജലദോഷ സിറപ്പുകളെക്കുറിച്ച് ലോകാരോഗ്യ സംഘടന ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ (ഡിസിജിഐ) അറിയിച്ചതായി ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഉടന്‍തന്നെ വിഷയം ഏറ്റെടുക്കുകയും ഹരിയാന റെഗുലേറ്ററി അതോറിറ്റിയുമായി ചേര്‍ന്ന് വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഹരിയാനയിലെ സോനിപത്തിലാണ് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ആസ്ഥാനം. കമ്പനി ഈ മരുന്നുകള്‍ ഗാംബിയയിലേക്ക് മാത്രമാണ് കയറ്റി അയച്ചതെന്ന് കരുതുന്നു. ആരോപണങ്ങളോട് പ്രതികരിക്കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍, സിറപ്പുകള്‍ പശ്ചിമ ആഫ്രിക്കന്‍ രാജ്യത്തിന് പുറത്തും വിതരണം ചെയ്തിരിക്കാമെന്നും ആഗോള തലത്തിലുള്ള പൊട്ടിത്തെറി ഉണ്ടായേക്കാമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സിറപ്പുകളുടെ സാംപിള്‍ പരിശോധിച്ചതില്‍ അവയില്‍ കൂടിയ അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി യതായി ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പില്‍ പറയുന്നു.

അവ വൃക്ക തകരാറുകള്‍ക്കും കുട്ടികള്‍ക്കിടയില്‍ മരണങ്ങള്‍ക്കും കാരണമാകുമെന്നും ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടി. നാല് ചുമ, ജലദോഷം സിറപ്പുകള്‍ വൃക്ക തകരാറുകളുണ്ടാക്കുകയും 66 കുട്ടികള്‍ മരണപ്പെടുകയും ചെയ്തുവെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. Promethazine Oral Solution, Kofexmalin Baby Cough Syrup, Makoff Baby Cough Syrup, Magrip N Cold Syrup എന്നീ മരുന്നുകളെക്കുറിച്ചാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളാണ് വൃക്ക രോഗം ബാധിച്ച് മരിച്ചത്.

നാല് മരുന്നുകളിലും അമിതമായ അളവില്‍ ഡയാത്തൈലീന്‍ ഗ്ലൈക്കോള്‍, ഈതൈലീന്‍ ഗ്ലൈക്കോള്‍ എന്നിവ അടങ്ങിയിരിക്കുന്നതായി രാസപരിശോധനയില്‍ വ്യക്തമായതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവില്‍ ഗാംബിയയില്‍ വിതരണം ചെയ്ത മരുന്നുകളിലാണ് ഇത് കാണപ്പട്ടിരിക്കുന്നതെങ്കിലും മറ്റു രാജ്യങ്ങളിലും ഇവ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.

കൂടുതല്‍ അപകടമുണ്ടാവാതിരിക്കാന്‍ മരുന്നിന്റെ വിതരണം നിര്‍ത്തിവയ്ക്കണമെന്ന് രാജ്യങ്ങളോട് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു. കമ്പനിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ഗാംബിയന്‍ സര്‍ക്കാരും ഇതുസംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ഈ മരണങ്ങള്‍ എപ്പോള്‍ സംഭവിച്ചുവെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലോകാരോഗ്യ സംഘടന ഇതുവരെ നല്‍കിയിട്ടില്ല.

Tags:    

Similar News