യുക്രെയ്‌നിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം ഊര്‍ജിതം; യാത്രാ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും
കീവ്: യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള നീക്കം ഊര്‍ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. വിദ്യാര്‍ഥികളെ നാലുരാജ്യങ്ങള്‍ വഴി പുറത്തെത്തിക്കാനാണ് പദ്ധതിയൊരുക്കുന്നത്. റൊമാനിയ, ഹംഗറി അതിര്‍ത്തിയിലേക്കു നീങ്ങാനാണ് ഇവര്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇരുരാജ്യങ്ങളിലേയും അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള ശ്രമം ആരംഭിച്ചതായി ബുഡാപെസ്റ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഹംഗേറിയന്‍ അതിര്‍ത്തിയായ ചോപ്പ്‌സഹോനി, റൊമേനിയന്‍ അതിര്‍ത്തിയായ പൊറുബെന്‍സീറെറ്റ് എന്നീ ചെക്ക്‌പോയന്റുകള്‍ വഴി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനാണ് നീക്കം.
ആദ്യഘട്ടത്തില്‍ പ്രധാനമായും ഈ അതിര്‍ത്തികള്‍ക്ക് സമീപമുള്ള വിദ്യാര്‍ഥികളെയാണ് ഒഴിപ്പിക്കുക. യുക്രെയ്‌നില്‍നിന്ന് ഇന്ത്യക്കാരായ 1,000 വിദ്യാര്‍ഥികളെ ഇന്ന് ഒഴിപ്പിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. അതിര്‍ത്തിയുടെ അടുത്ത് താമസിക്കുന്നവരാണ് ആദ്യമെത്തേണ്ടത്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കാനും എംബസി നിര്‍ദേശം നല്‍കി. നാട്ടിലെത്തിക്കാനുള്ള എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
ആയിരക്കണക്കിനു മലയാളികളടക്കം 20,000 ഓളം ഇന്ത്യക്കാരാണ് യുെ്രെകനില്‍ കഴിയുന്നത്. വിദ്യാര്‍ഥികളടക്കം എല്ലാവരെയും നാട്ടില്‍ തിരിച്ചെത്തിക്കുമെന്നാണ് കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഘ്‌ല അറിയിച്ചത്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള സാധ്യമായ എല്ലാ മാര്‍ഗങ്ങളും അവലംബിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തിയിലേക്ക് വരുന്ന ഇന്ത്യക്കാര്‍ അവശ്യചെലവുകള്‍ക്കുള്ള പണം (യുഎസ് ഡോളര്‍), പാസ്‌പോര്‍ട്ട്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ കൈയില്‍ കരുതണം. ഒഴിപ്പിക്കല്‍ നടപടി പ്രവര്‍ത്തനക്ഷമമായാല്‍ ഇന്ത്യക്കാര്‍ സ്വന്തം നിലയില്‍ ഗതാഗത സംവിധാനമൊരുക്കി അതിര്‍ത്തികളിലേക്ക് എത്തണം. യാത്ര ചെയ്യുന്ന വാഹനത്തില്‍ ഇന്ത്യന്‍ പതാക പതിക്കണമെന്നും എംബസി നിര്‍ദേശിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ കോണ്‍ട്രാക്ടര്‍മാരെ ആവശ്യങ്ങള്‍ക്ക് സമീപിക്കണം. യാത്ര സുഗമമാക്കാന്‍ അതാത് ചെക്ക്‌പോസ്റ്റുകളില്‍ സജ്ജീകരിച്ചിട്ടുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകളുമായി ബന്ധപ്പെടണമെന്നും സഹായം ആവശ്യമുള്ളവര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കണമെന്നും എംബസി നിര്‍ദേശിച്ചു. അതിനിടെ, പോവുന്ന വാഹനത്തിന്റെയും ഫ്‌ളൈറ്റിന്റെയുമൊക്കെ ടിക്കറ്റ് ചാര്‍ജ് അടയ്ക്കണമെന്നു പറഞ്ഞതു വിദ്യാര്‍ഥികള്‍ക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു. വിദ്യാര്‍ഥികളില്‍ പലരും കൈയിലുള്ള പണം ഉപയോഗിച്ച് നേരത്തെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍, ഫ്‌ളൈറ്റുകള്‍ റദ്ദായതോടെ കുറെ പണം നഷ്ടപ്പെട്ടു.
ഇനിയും വന്‍ തുക മുടങ്ങി നാട്ടിലേക്കു മടങ്ങാന്‍ കഴിയുന്ന സാഹചര്യത്തിലല്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇക്കാര്യത്തിലാണ് ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലുണ്ടായിരിക്കുന്നത്. യുക്രെയ്‌നില്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ 4,000 ഓളം പേര്‍ രാജ്യത്ത് തിരിച്ചെത്തിയിട്ടുണ്ടെന്നാണ് കണക്ക്.
ഇന്ന് യുക്രെയ്‌നിലെ സുമി നഗരം റഷ്യന്‍സേന നിയന്ത്രണത്തിലാക്കിയതിനു പിന്നാലെ 400നടുത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ബങ്കറുകളില്‍ അഭയം തേടിയിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. എത്രയും പെട്ടെന്ന് തങ്ങളെ രക്ഷിക്കണമെന്നാണ് ഇവിടെനിന്ന് സമൂഹമാധ്യമങ്ങള്‍ വഴി വിഡിയോകളിലൂടെ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. റഷ്യന്‍ സേന അക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റുമായി ടെലിഫോണില്‍ സംസാരിച്ച് ഇന്ത്യക്കാരുടെ സുരക്ഷയിലുള്ള ആശങ്ക അറിയിച്ചിരുന്നു.