ബീഫ് ഇറക്കുമതി പുനരാരംഭിക്കണമെന്ന് ബംഗ്ലാദേശിനോട് ഇന്ത്യ

Update: 2022-07-25 10:00 GMT

ന്യൂഡല്‍ഹി: ബംഗ്ലാദേശ് ബീഫ് ഇറക്കുമതി പുനരാരംഭിക്കണമെന്ന ആവശ്യവുമായി ഇന്ത്യ. ഇരു രാജ്യങ്ങളിലെയും മാംസ വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലായതാണ് നീക്കത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. പ്രാദേശിക കന്നുകാലി കര്‍ഷകരെ സംരക്ഷിക്കാനും ഗാര്‍ഹിക കന്നുകാലി മേഖലയെ അഭിവൃദ്ധിപ്പെടുത്താനും ലക്ഷ്യമിട്ട് ഇന്ത്യയില്‍ നിന്ന് ശീതീകരിച്ച മാംസം, എരുമ മാംസം എന്നിവ ഇറക്കുമതി ചെയ്യുന്നത് ബംഗ്ലാദേശ് സര്‍ക്കാര്‍ നിര്‍ത്തിയിരുന്നു.

പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ധാക്കയിലെ ഇന്ത്യന്‍ എംബസി അടുത്തിടെ ഫിഷറീസ് കന്നുകാലി മന്ത്രാലയത്തിന് കത്തയച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളായി ഇന്ത്യന്‍ കയറ്റുമതിക്കാരും ബംഗ്ലാദേശി ഇറക്കുമതിക്കാരും ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വാണിജ്യ മന്ത്രാലയം 2022 ഏപ്രിലില്‍ പുറത്തിറക്കിയ ഇറക്കുമതി നയം2021-24 വിജ്ഞാപനമനുസരിച്ച് ശീതീകരിച്ച എരുമ (പോത്ത്) മാംസം ഉള്‍പ്പെടെയുള്ള ഇറച്ചി ഇറക്കുമതി ചെയ്യുന്നതിന് കന്നുകാലി വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് കത്തില്‍ പറയുന്നു.

ഇറക്കുമതി നയത്തില്‍ വന്ന മാറ്റം കാരണം തങ്ങളുടെ ബിസിനസുകളെ ബാധിക്കുന്ന തരത്തില്‍ ശീതീകരിച്ച കാള ഇറച്ചിയുടെ ഇറക്കുമതി കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്നിട്ടില്ലെന്നും വ്യാപാരികള്‍ പറഞ്ഞു.ഓള്‍ ഇന്ത്യന്‍ ബഫല്ലോ ആന്‍ഡ് ഷീപ്പ് മീറ്റ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷനും (എഐഎംഎല്‍ഇഎ), ബംഗ്ലാദേശ് മീറ്റ് ഇംപോര്‍ട്ടേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് അസോസിയേഷനും (ബിഎംഐടിഎ) പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ട ബംഗ്ലാദേശ് സര്‍ക്കാര്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബംഗ്ലാദേശ് ദേശീയ ബജറ്റില്‍ 20 ശതമാനം അനുബന്ധ തീരുവ ചുമത്തിയിരുന്നു. കൂടെ പശുക്കളുടെ ശീതീകരിച്ച ഇറച്ചി ഇറക്കുമതിക്കായി അവതരിപ്പിച്ച മൂല്യനിര്‍ണ്ണയ മൂല്യം കിലോയ്ക്ക് 4.0 യുഎസ് ഡോളറില്‍ നിന്ന് 5.0 യുഎസ് ഡോളറായി ഉയര്‍ത്തിയതായും കത്തില്‍ എടുത്തുപറയുന്നു. ഈ പ്രശ്‌നം ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ലഭ്യമായ 'സാഫ്ത' ആനുകൂല്യത്തെ അസാധുവാക്കുന്നുവെന്നും കത്തില്‍ പറയുന്നു.

ബംഗ്ലാദേശില്‍ നിന്നുളള നിലവാരമുള്ളതും വൃത്തിയായി സംസ്‌കരിച്ചതുമായ മാംസത്തിന്റെ ഏറ്റവും വലിയ ആഗോള കയറ്റുമതിക്കാരാണ് ഇന്ത്യന്‍ കമ്പനികളെന്ന് കത്തില്‍ പരാമര്‍ശിച്ചു. ബംഗ്ലാദേശ് ഇപ്പോള്‍ മാംസ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തമാണ്. എന്നാല്‍ 14 രാജ്യങ്ങളില്‍ നിന്ന് ഇനം ഇറക്കുമതി ചെയ്യുന്നതിന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 2.5 മില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ചു. ചില ആഡംബര ഹോട്ടലുകളും മാംസം ഇറക്കുമതി ചെയ്യുന്നു.

കന്നുകാലി സേവന വകുപ്പിന്റെ (ഡിഎല്‍എസ്) കണക്കനുസരിച്ച് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 8.44 ദശലക്ഷം ടണ്ണിലധികം മാംസം ഉല്‍പ്പാദിപ്പിച്ചു. ബംഗ്ലാദേശ് ഗാര്‍മെന്റ് മാനുഫാക്ചറേഴ്‌സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ (ബിജിഎംഇഎ) കണ്‍സെപ്റ്റ് പേപ്പര്‍ അനുസരിച്ച്, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇറച്ചി ഇറക്കുമതി ഏകദേശം നാലിരട്ടി വര്‍ധിച്ചു. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 0.72 മില്യണ്‍ യുഎസ് ഡോളറായിരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 2.5 മില്യണ്‍ യുഎസ് ഡോളറായി ഇറക്കുമതി വര്‍ധിച്ചു.

ബംഗ്ലാദേശ് 12 രാജ്യങ്ങളില്‍ നിന്ന് മാംസം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യ, എത്യോപ്യ, ഫ്രാന്‍സ്, കൊറിയ, തായ്‌ലന്‍ഡ്, ചൈന, യുഎഇ, യുഎസ്എ, പാകിസ്താന്‍, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നിവയാണ് ഈ രാജ്യങ്ങങ്ങള്‍.

Tags:    

Similar News