ആര്‍എസ്എസ് ബാന്ധവം; ഇന്‍ഡോ-അമേരിക്കന്‍ ഡെമോക്രാറ്റുകളെ ഒഴിവാക്കി ബൈഡന്‍ ഭരണകൂടം

ഒബാമ ഭരണത്തിന്റെ ഭാഗമായിരുന്ന സോണല്‍ ഷാ, ബൈഡന്‍ പ്രചാരണ സംഘത്തില്‍ അംഗമായിരുന്ന അമിത് ജാനി എന്നിവരേയാണ് ഒഴിവാക്കിയത്. ഇവരുടെ ആര്‍എസ്എസ്-ബിജെപി ബന്ധമാണ് മാറ്റി നിര്‍ത്താന്‍ കാരണമെന്ന് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

Update: 2021-01-22 14:07 GMT

ന്യൂദല്‍ഹി: ആര്‍എസ്എസ് ബന്ധമുള്ള രണ്ട് ഇന്‍ഡോ-അമേരിക്കന്‍ ഡെമോക്രാറ്റുകളെ ഒഴിവാക്കി ബൈഡന്‍ ഭരണകൂടം. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ പ്രചാരണത്തിനായി പ്രവര്‍ത്തിച്ച രണ്ട് ഇന്‍ഡോ-അമേരിക്കക്കാരെയാണ് ജോ ബൈഡന്‍ മാറ്റി നിര്‍ത്തിയത്.

ഒബാമ ഭരണത്തിന്റെ ഭാഗമായിരുന്ന സോണല്‍ ഷാ, ബൈഡന്‍ പ്രചാരണ സംഘത്തില്‍ അംഗമായിരുന്ന അമിത് ജാനി എന്നിവരേയാണ് ഒഴിവാക്കിയത്. ഇവരുടെ ആര്‍എസ്എസ്-ബിജെപി ബന്ധമാണ് മാറ്റി നിര്‍ത്താന്‍ കാരണമെന്ന് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. 20 ഇന്‍ഡോ-അമേരിക്കന്‍ ഡെമോക്രാറ്റുകള്‍ ബൈഡന്‍ ഭരണകൂടത്തിന്റെ ഭാഗമായപ്പോള്‍ രണ്ട് പേരെ ഒഴിവാക്കുകയായിരുന്നു.

ഇവര്‍ക്കെതിരേ വളരെ മുന്‍പ് തന്നെ നടപടികള്‍ ആരംഭിച്ചിരുന്നെന്ന് ഡെമോക്രാറ്റ് വൃത്തങ്ങള്‍ പറഞ്ഞു. 19 ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകളുടെ ഒരു കൂട്ടായ്മ 2020 ഡിസംബറില്‍ ബൈഡന് ഒരു കത്ത് അയച്ചതിനെ തുടര്‍ന്നാണ് അവരെ ഒഴിവാക്കിയത്. 'ഇന്ത്യയിലെ തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള നിരവധി ദക്ഷിണേഷ്യന്‍ അമേരിക്കന്‍ വ്യക്തികള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബൈഡന്‍ ഭരണകൂടം ഇത്തരക്കാരോട് സഹിഷ്ണുത കാണിക്കരുത്'. സംഘടനകള്‍ നല്‍കിയ കത്തില്‍ പറഞ്ഞു.

കത്തില്‍ ഷായെയും ജാനിയെയും പ്രത്യേകം പരാമര്‍ശിച്ചിരുന്നു. അവര്‍ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിന്ന് ധനസഹായം സ്വീകരിക്കുകയും പരസ്യ പ്രസ്താവനകള്‍ നടത്തുകയും ചെയ്ത വ്യക്തികളാണെന്നും കത്തില്‍ വ്യക്തമാക്കി.

'ബൈഡന്‍ സാണ്ടേഴ്‌സിന്റെ' ഐക്യ ടാസ്‌ക് ഫോഴ്‌സില്‍' സേവനമനുഷ്ഠിച്ച ആറ് ഇന്‍ഡോ-അമേരിക്കക്കാരില്‍ ഒരാളായിരുന്നു ഷാ. അവരുടെ പിതാവ് ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുടെ യുഎസ് ബ്രാഞ്ചിന്റെ പ്രസിഡന്റായിരുന്നു. ആര്‍എസ്എസ് നടത്തുന്ന ഏകല്‍ വിദ്യാലയത്തിന്റെ സ്ഥാപകനുമാണ്.

Tags:    

Similar News