'ആണിച്ചിത്രം' മുതല്‍ പരമ്പരാഗത കോസ്‌മെറ്റിക്‌സ് വരെ; ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കി മലയാളികള്‍

Update: 2021-08-17 10:46 GMT

തൃശൂര്‍: ആണികള്‍ കൊണ്ട് യുഎഇ രാഷ്ട്രപിതാവിന്റെ ചിത്രം വരച്ച സയ്ദ് ഷാഫിക്കും പരമ്പരാഗത വിഭവങ്ങള്‍ കൊണ്ട് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മിച്ച അന്‍സിയക്കും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ റെക്കോര്‍ഡ്‌സ് ബുക്ക് തുറന്നു നല്‍കി.

സ്വന്തം ജോലിയില്‍ കരവിരുത് കാണിച്ചപ്പോള്‍ കയ്പമംഗലം കൂരിക്കുഴി കൊടുവില്‍ അബ്ദുള്‍ ഗഫൂര്‍ബീവിക്കുഞ്ഞി ദമ്പതികളുടെ മകനായ സയ്ദ് ഷാഫിയെ തേടിയെത്തിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്.



യു എ ഇയിലെ ഒരു സ്വകാര്യ കെട്ടിട നിര്‍മാണ സാമഗ്രികളുടെ കമ്പനിയിലെ ജീവനക്കാരനായ സെയ്ദ് കമ്പനിയുടെ ആവശ്യപ്രകാരമാണ് ആണിച്ചിത്രം തയ്യാറാക്കിയത്. 115 മണിക്കൂര്‍ കൊണ്ട് 25,200 ആണികള്‍ ഉപയോഗിച്ചാണ് ചിത്രം നിര്‍മിച്ചത്. 2020ലും സമാനമായി 17,000 ആണികള്‍ ഉപയോഗിച്ച് തീര്‍ത്ത യു എ ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ ചിത്രത്തിന് യു ആര്‍ എസ് ഏഷ്യന്‍ റെക്കോര്‍ഡ്‌സ് ലഭിച്ചിരുന്നു. സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്ത സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന സയ്ദ് നാല് വര്‍ഷം മുമ്പാണ് വിദേശത്ത് പോയത്.


തൊടിയിലെ ചെടികളില്‍ നിന്ന് എങ്ങനെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കാമെന്ന് കണ്ടെത്തിയതിനാണ് തൃപ്രയാര്‍ രായംമരക്കാര്‍ അബ്ദുള്‍ റഹ്മാന്‍താഹിറ ദമ്പതികളുടെ മകള്‍ അന്‍സിയയെ തേടി നേട്ടമെത്തുന്നത്. വിവാഹശേഷം ഏതൊരു വീട്ടമ്മയെയും പോലെ സ്വന്തമായൊരു വരുമാനമാര്‍ഗം എന്തെന്ന ആലോചനയുടെ 'ആഫ്റ്റര്‍ എഫക്ടാ'ണ് 'ഉമ്മീസ് നാച്വറല്‍സ്. ഹെയര്‍ ഓയിലില്‍ നിന്നായിരുന്നു തുടക്കം. അത് വിജയകരമായതോടെ ഉമ്മീസില്‍ നിന്ന് 38 പരമ്പരാഗത സൗന്ദര്യവര്‍ധക വസ്തുക്കളാണ് പിറന്നത്. വീട്ടുമുറ്റത്ത് കൃഷി ചെയ്ത അസംസ്‌കൃത വസ്തുക്കളാണ് ശേഖരിക്കുന്നത്. എല്ലാ ജില്ലയിലും പത്തോ പതിനഞ്ചോ വീട്ടമ്മമാര്‍ ചേര്‍ന്ന് നടത്തുന്ന കൃഷിയാണ് പ്രധാന മാര്‍ഗം. ഇപ്പോള്‍ സ്വന്തമായി മലപ്പുറത്ത് ഉമ്മീസ് ഫാക്ടറിയും ആരംഭിച്ചിട്ടുണ്ട്. പാലക്കാട് അപ്പത്തന്‍കാട്ടില്‍ റഷീദിന്റെ ഭാര്യയാണ് അന്‍സിയ. നാല് വയസുകാരി ലൈബ മകളാണ്.

Similar News