ഇന്ത്യ താലിബാനുമായി ചര്‍ച്ച നടത്തി; സ്ഥിരീകരിച്ച് ഖത്തര്‍ പ്രതിനിധി
താലിബാന്‍ നേതൃത്വവുമായി ഇന്ത്യ നേരിട്ട് ചര്‍ച്ചയ്ക്കു തുടക്കംകുറിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നെങ്കിലും ആദ്യമായാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുന്നത്.
ദോഹ: ഇന്ത്യന്‍ പ്രതിനിധികള്‍ അഫ്ഗാന്‍ താലിബാന്‍ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് ഖത്തര്‍ പ്രതിനിധി. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വച്ചായിരുന്നു ചര്‍ച്ചയെന്നും ഖത്തറിന്റെ പ്രത്യേക പ്രതിനിധി മുത്‌ലഖ് ബിന്‍ മാജിദ് അല്‍ ഖഹ്താനിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. താലിബാന്‍ നേതൃത്വവുമായി ഇന്ത്യ നേരിട്ട് ചര്‍ച്ചയ്ക്കു തുടക്കംകുറിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നെങ്കിലും ആദ്യമായാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുന്നത്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ രാണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ ഖത്തറിലെത്തിയിരുന്നു. കുവൈത്തിലേക്കും കെനിയയിലേക്കുമുള്ള യാത്രാ മധ്യേ ഈ മാസം ഒമ്പതിനും 15നുമായിരുന്നു സന്ദര്‍ശനം. ഈ വേളയില്‍ ഖത്തറിന്റെയും അമേരിക്കയുടെയും പ്രതിനിധികളുമായി അദ്ദേഹം ചര്‍ച്ച നടത്തി.
അതേസമയം, ഖഹ്താനിയുടെ സ്ഥിരീകരണത്തോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചില്ല. അഫ്ഗാന്റെ ഭാവിയില്‍ താലിബാന് മുഖ്യ പദവിയുണ്ടെന്നും അതായിരിക്കാം ചര്‍ച്ചയ്ക്ക് കാരണമായതെന്നും ഖഹ്താനി പറഞ്ഞു. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിക്കാനുള്ള സാധ്യത കുറവാണ്. പക്ഷേ, അഫ്ഗാന്റെ ഭാവിയില്‍ താലിബാന്‍ ഒരു പ്രധാന ഘടകമാണ്. അതുകൊണ്ടായിരിക്കാം ഇന്ത്യ ചര്‍ച്ച നടത്തിയത്. അഫ്ഗാനിലെ എല്ലാ വിഭാഗത്തെയും വിശ്വാസത്തിലെടുക്കുന്നതിന്റെ ഭാഗമാകാം ചര്‍ച്ച എന്നും ഖഹ്താനി പറഞ്ഞു.