യുഎന്‍ സെക്രട്ടറി ജനറല്‍ പദവിയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ വംശജ

യുഎന്‍ ഡവലപ്‌മെന്റ് പ്രോഗ്രാം ഓഡിറ്റ് കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന 34കാരിയായ ആകാംക്ഷ അറോറയാണ് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് മുന്നോട്ട് വന്നത്.

Update: 2021-02-13 14:56 GMT

ന്യൂയോര്‍ക്ക്: യുഎന്‍ സെക്രട്ടറി ജനറല്‍ പദവയിലേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍വംശജയും. യുഎന്‍ ഡവലപ്‌മെന്റ് പ്രോഗ്രാം ഓഡിറ്റ് കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന 34കാരിയായ ആകാംക്ഷ അറോറയാണ് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് മുന്നോട്ട് വന്നത്. ആകാംക്ഷ അറോറ തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചതായാണ് റിപോര്‍ട്ട്. വരുന്ന ഡിസംബര്‍ 31ന് പ്രവര്‍ത്തന കാലാവധി അവസാനിക്കുന്ന നിലവിലെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷ് വീണ്ടും മല്‍സരിക്കുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

'തന്നെപ്പോലെയുള്ള ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഊഴം കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ലോകം ഏത് വിധത്തിലാണോ അതിനെ അതേ രീതിയില്‍ സ്വീകരിച്ച് തലകുനിച്ച് നില്‍ക്കേണ്ട അവസ്ഥ'. തന്നെ പിന്തുണക്കണമെന്നഭ്യര്‍ഥിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അറോറ ആകാംക്ഷ പറയുന്നു.

യുഎന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 75 കൊല്ലം പിന്നിട്ടിട്ടും ലോകത്തോടുള്ള വാഗ്ദാനം പൂര്‍ത്തിയാക്കാന്‍ സംഘടനയ്ക്ക് ആയിട്ടില്ല.അഭയാര്‍ഥികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ സാധിച്ചിട്ടില്ല. മനുഷ്യത്വപരമായ സഹായം വേണ്ടവിധത്തിലെത്തിക്കുന്ന കാര്യത്തില്‍ സംഘടന പരാജയപ്പെട്ടു. നൂതന സാങ്കേതിക വിദ്യയും പുതിയ മാറ്റങ്ങളും ഇപ്പോഴും സഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നില്ല. പുരോഗതിയിലേക്ക് നയിക്കാന്‍ പ്രാപ്തമായ യുഎന്നാണ് ലോകത്തിന് ആവശ്യമെന്നും അറോറ തന്റെ വീഡിയോയില്‍ വ്യക്തമാക്കുന്നു.

അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റഡീസില്‍ ബിരുദം നേടിയ അറോറ കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ ജനിച്ച അറോറക്ക് ഇന്ത്യയില്‍ ഒസിഎ കാര്‍ഡും കനേഡിയന്‍ പാസ്‌പോര്‍ട്ടും ഉള്ളതായി പാസ്സ്ബ്ലൂ ന്യൂസ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎന്‍ ചരിത്രത്തില്‍ ഇന്നേവരെ ഒരു വനിത സെക്രട്ടറി ജനറല്‍ പദവിയിലിരുന്നിട്ടില്ല.

Tags:    

Similar News