വൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്‍ ശ്രമം; ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
വാഷിങ്ടണ്‍: വൈറ്റ് ഹൗസിലേക്ക് വാഹനം ഇടിച്ചുകയറ്റാന്‍ ശ്രമിക്കുകയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഇന്ത്യന്‍ വംശജനെ അറസ്റ്റ് ചെയ്തു. മിസോറിയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജനായ 19 കാരന്‍ സായ് വര്‍ഷിത് കണ്ടൂലയെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 10ഓടെയാണ് സംഭവം. വാടകയ്‌ക്കെടുത്ത ട്രക്ക് വൈറ്റ് ഹൗസിന് സമീപത്തെ ലഫായെറ്റ് സ്‌ക്വയറിന്റെ സുരക്ഷാ ബാരിക്കേഡിലേക്ക് ഓടിച്ച് കയറ്റുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണശ്രമത്തിനു ശേഷം വാഹനത്തില്‍ നിന്ന് ഇറങ്ങിയ ഇന്ത്യന്‍ വംശജന്റെ കൈയില്‍ നാസി പതാകയുണ്ടായിരുന്നെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ വധിക്കുമെന്നും യുഎസ് സര്‍ക്കാരിനെ താഴെയിറക്കുമെന്നുമാണ് യുവാവ് പറഞ്ഞത്. എന്നാല്‍, അപകടത്തില്‍ ആളപായമോ മറ്റ് പരിക്കുകളോ സംഭവിച്ചിട്ടില്ല. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളടക്കം ഇന്നലെയാണ് പുറത്തുവന്നത്. സെന്റ് ലൂയിസിന്റെ പ്രാന്തപ്രദേശമായ മിസൗറിയിലെ ചെസ്റ്റര്‍ഫീല്‍ഡ് സ്വദേശിയാണ് സായ് വര്‍ഷിത് കണ്ടുല. വാഹനം ഇടിച്ചുകയറ്റിയ ശേഷം നാസി പതാകയുമായി ട്രക്കില്‍ നിന്നിറങ്ങിയ യുവാവിനെ പാര്‍ക്ക് പോലിസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പിടികൂടിയപ്പോഴാണ് യുഎസ് പ്രസിഡന്റിനെ വധിക്കുമെന്ന് ആക്രോശിച്ചതെന്ന് ദൃക്‌സാക്ഷികള്‍ അസോഷ്യേറ്റ് പ്രസ്സിനോട് പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറുക്കുമെന്നും പ്രസിഡന്റ് ജോ ബൈഡനെ കൊല്ലാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് യുവാവ് പറഞ്ഞത്. വിര്‍ജീനിയയിലെ ഹെര്‍ണ്ടണില്‍ നിന്നാണ് ട്രക്ക് വാടകയ്‌ക്കെടുത്തത്. രണ്ട് തവണയെങ്കിലും ഡ്രൈവര്‍ ബാരിയറില്‍ ഇടിച്ചിട്ടുണ്ടെന്ന് സാക്ഷിയായ ക്രിസ് സബോജി പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗത്തിലെയും മെട്രോപൊളിറ്റന്‍ പോലിസ് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ ട്രക്ക് പരിശോധിച്ചു. ട്രക്കില്‍ നിന്ന് നാസി പതാക ഉള്‍പ്പെടെ നിരവധി തെളിവുകള്‍ ശേഖരിച്ചതായും റിപോര്‍ട്ടുകളുണ്ട്. പ്രസിഡന്റിനെയോ വൈസ് പ്രസിഡന്റിനെയോ അവരുടെ കുടുംബാംഗങ്ങളെയോ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയോ തട്ടിക്കൊണ്ടുപോകുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതുള്‍പ്പെടെ ഒന്നിലധികം കുറ്റങ്ങള്‍ ചുമത്തിയാണ് കണ്ടുലയെ അറസ്റ്റ് ചെയ്തതെന്ന് യുഎസ് പാര്‍ക്ക് പോലിസ് അറിയിച്ചു. അപകടകരമായ ആയുധം ഉപയോഗിച്ച് ആക്രമണം, അശ്രദ്ധമായ െ്രെഡവിങ്, പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ എന്നിവയെല്ലാം ചുമത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ സീക്രട്ട് സര്‍വീസും പാര്‍ക്ക് പോലിസും യുഎസ് പ്രഡിഡന്റ് ജോ ബൈഡനെ സംഭവത്തെ കുറിച്ച് റിപോര്‍ട്ട് നല്‍കിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍പിയറി പറഞ്ഞു.