300 പേരെ കൊന്നെന്ന് മോദി പറഞ്ഞോ?; അവകാശവാദങ്ങള്‍ തള്ളി കേന്ദ്രമന്ത്രി

Update: 2019-03-03 08:47 GMT

ന്യൂഡല്‍ഹി: പുല്‍വാമയിലെ ആക്രമണത്തിന് മറുപടിയായി പാക് അതിര്‍ത്തിക്കകത്ത് കടന്നുകയറി നടത്തിയ ആക്രമണത്തില്‍ 300ഓളം പേര്‍ കൊല്ലപ്പെട്ടുവെന്ന അവകാശവാദം കേന്ദ്രമന്ത്രി തന്നെ തള്ളി.

വ്യോമാക്രമണം ആള്‍നാശമുണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ് എസ് അലുവാലിയ പറഞ്ഞു. ആക്രമണത്തില്‍ മുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടന്ന് മോദിയോ കേന്ദ്രമന്ത്രിമാരോ ബിജെപി നേതാക്കളോ പറഞ്ഞിട്ടുണ്ടോയെന്നും അലുവാലിയ ചോദിച്ചു.

പാകിസ്താനില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ മുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു റിപോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. കേന്ദ്രമന്ത്രി തന്നെ ഇക്കാര്യം നിഷേധിച്ചു രംഗത്തെത്തിയത് സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. 300ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്ന വാദം തുടക്കത്തിലേ പാകിസ്താന്‍ തള്ളിക്കളഞ്ഞിരുന്നു. തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്നതായിരുന്നു പാകിസ്താനില്‍ കയറിയുള്ള ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നാണ് കേന്ദ്രമന്ത്രി അലുവാലിയ ഇപ്പോള്‍ പറയുന്നത്. അലുവാലിയയുടെ വാക്കുകള്‍ ബിജെപി നേതൃത്വം നിഷേധിച്ചിട്ടില്ല.

വലിയ തോതിലുള്ള ആള്‍നാശം പാകിസ്താനില്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടയായിരുന്നില്ല ആക്രമണമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. ആവശ്യമെങ്കില്‍ ആള്‍നാശം ഉണ്ടാക്കാന്‍ സാധിക്കുമെന്ന മുന്നറിയിപ്പാണ് നല്‍കിയത്. മോദിയടക്കമുള്ള നേതാക്കളാരും ആള്‍നാശത്തെക്കുറിച്ച് പ്രസംഗിച്ചിട്ടില്ലല്ലോയെന്നും അലുവാലിയ ചോദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന്, സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ആക്രമണത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഭീകരവാദികളാരും കൊല്ലപ്പെട്ടിട്ടില്ലേ എന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. എത്ര ഭീകരവാദികളെയാണ് ഇന്ത്യ വ്യോമാക്രമണത്തിലൂടെ കൊന്നതെന്ന് വ്യക്തമാക്കണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ ആക്രമണം പാകിസ്താനില്‍ ആള്‍നാശമുണ്ടാക്കിയതിന് തെളിവില്ലെന്ന അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തല്‍ ശരിവയ്ക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന. തുറന്ന സ്ഥലത്ത് മരങ്ങള്‍ക്കിടയിലാണ് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ വര്‍ഷിച്ച ബോംബുകള്‍ പതിച്ചതെന്ന് പ്രദേശത്തെ ഡിജിറ്റല്‍ മാപ്പുകളുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തില്‍ ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. 



Tags:    

Similar News