മോദി ഭിന്നിപ്പിന്റെ തലവന്‍; തിരിഞ്ഞു കൊത്തി ടൈം മാഗസിന്‍
മോദിസര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ രൂക്ഷമായി വിമര്‍ശിച്ച്് ആതിഷ് തസീറെഴുതിയ ലേഖനത്തിന്റെ തലക്കെട്ടും മോദിയുടെ കാരിക്കേച്ചറുമാണ് ടൈം മാഗസിന്റെ കവര്‍ പേജില്‍ നല്‍കിയിരിക്കുന്നത്.
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പിന്റെ തലവനായി വിശേഷിപ്പിച്ച് യുഎസ് ന്യൂസ് മാഗസിനായ 'ടൈം' മാഗസിന്റെ കവര്‍ സ്റ്റോറി. മോദിസര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ രൂക്ഷമായി വിമര്‍ശിച്ച്് ആതിഷ് തസീറെഴുതിയ കവര്‍ സ്‌റ്റോറിയുടെ തലക്കെട്ടും മോദിയുടെ കാരിക്കേച്ചറുമാണ് ടൈം മാഗസിന്റെ കവര്‍ പേജിലുള്ളത്. മേയ് 20നു പുറത്തിറങ്ങാനിരിക്കുന്ന മാഗസിന്റെ കവര്‍ ഇതിനോടകം ഏറെ ചര്‍ച്ചയാകുകുയം വിവാദത്തിന് തിരികൊളുത്തുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അടുത്ത അഞ്ചു വര്‍ഷം കൂടി മോദിയെ സഹിക്കുമോ..?' എന്ന ചോദ്യവും ഇതോടൊപ്പം മാഗസിന്‍ ഉയര്‍ത്തുന്നുണ്ട്.
ആദ്യമായിട്ടല്ല ടൈം മാഗസിന്റെ കവറില്‍ മോദി ഇടംപിടിക്കുന്നത്. ലോകത്തിലെ ശ്രദ്ധിക്കപ്പെട്ട നേതാവ് എന്ന നിലയിലായിരുന്നു നേരത്തേ മോദി ടൈം മാഗസിന്റെ കവറില്‍ ഇടംപിടിച്ചതെങ്കില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മോദിയുടെ പ്രതിച്ഛായ കൂപ്പുകുത്തിയതിന് ഉദാഹരണം കൂടിയാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായ ടൈം മാഗസിന്റെ പുതിയ ലക്കം.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2012ലാണ് മോദി ആദ്യമായി ടൈം മാഗസിനില്‍ കയറിപറ്റുന്നത്. 10 വര്‍ഷക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ അവിടെ മോദി നടപ്പാക്കിയ വികസനത്തെ പുകഴ്ത്തിയുള്ളതായിരുന്നു ആ റിപോര്‍ട്ട്.
2015ലും മോദിയെ പുകഴ്ത്തി ടൈം ലേഖനം എഴുതിയിരുന്നു. 'വൈ മോദി മാറ്റേഴ്‌സ്' എന്ന തലക്കെട്ടോടുകൂടിയുള്ള കവറില്‍ മോദിയുടെ പൂര്‍ണ ചിത്രമാണ് നല്‍കിയത്. മോദിയുമായുള്ള എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ ആയിരുന്നു ഉള്ളടക്കം. ഏഷ്യയെ ഒരു ആഗോള ശക്തിയാക്കാന്‍ മോദിക്കു കഴിയുമോ എന്ന ചോദ്യവും ടൈം മാഗസിന്‍ നല്‍കിയിരുന്നു.
അതില്‍ നിന്നും തികച്ചും ഭിന്നമാണ് ഇപ്പോള്‍ പുറത്തുവന്ന കവര്‍. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ ലേഖനം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലകളിലും ഭരണസംവിധാനങ്ങളില്‍ നടക്കുന്ന ഗൂഢനീക്കങ്ങളിലും മോദി മൗനാനുവാദം നല്‍കുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കൈവരിച്ച മഹത്തായ നേട്ടങ്ങള്‍ മോദി അട്ടിമറിക്കുകയാണ്. മതേതരത്വം, ജനാധിപത്യം,സ്വാതന്ത്ര്യം, നിര്‍ഭയമായ മാധ്യമപ്രവര്‍ത്തനം തുടങ്ങിയവയൊക്കെ അപകടത്തിലായിരിക്കുന്നു. 2002ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് നടന്ന കൂട്ടക്കൊലയില്‍ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തതിനെയും മാഗസിന്‍ ശക്തമായി വിമര്‍ശിക്കുന്നു.