വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാം; പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോവണം: യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍

വാഷിങ്ടണ്‍: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമാണെന്നും പേപ്പര്‍ ബാലറ്റിലേക്ക് തിരിച്ചു പോകണമെന്നും അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കം പങ്കെടുത്ത യുഎസ് കാബിനറ്റ് യോഗത്തിലാണ് തുള്‍സി ഇക്കാര്യം പറഞ്ഞത്. വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാനുള്ള സാധ്യതകളുടെ തെളിവുകളും തുള്‍സി യോഗത്തില്‍ സമര്‍പ്പിച്ചു. വോട്ടുകള്‍ ചൂഷണം ചെയ്യാനും തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനും സാധിക്കുമെന്നതിന് തെളിവുണ്ട്. അതിനാല്‍ പേപ്പര്‍ ബാലറ്റ് സംവിധാനം തിരികെ കൊണ്ടു വരണം. ഇത് തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാക്കുമെന്നും തുള്‍സി അഭിപ്രായപ്പെട്ടു. എന്നാല്‍, ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ ലോകത്തില്‍ ഏറ്റവും മികച്ചതും ലളിതവുമാണെന്ന വാദവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ രംഗത്തെത്തി.