''ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പോലിസും ഭരണകൂടവും ഇടപെടുന്നു''; പദവി താഴ്ത്തണമെന്ന് ജിഎഎന്‍എച്ച്ആര്‍ഐ ശുപാര്‍ശ

Update: 2025-04-29 14:59 GMT
ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പോലിസും ഭരണകൂടവും ഇടപെടുന്നു; പദവി താഴ്ത്തണമെന്ന് ജിഎഎന്‍എച്ച്ആര്‍ഐ ശുപാര്‍ശ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പോലിസ്-ഭരണകൂട ഇടപെടലുണ്ടെന്നും അതിന്റെ പദവി താഴ്ത്തണമെന്നും ഐക്യരാഷ്ട്രസഭയുമായി ബന്ധമുള്ള ഗ്ലോബല്‍ അലയന്‍സ് ഓഫ് നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ (ജിഎഎന്‍എച്ച്ആര്‍ഐ) സബ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. നിലവില്‍ ഇന്ത്യയിലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) എ കാറ്റഗറിയിലാണെന്നും ഇതിനെ ബി കാറ്റഗറിയിലേക്ക് തരംതാഴ്ത്തണമെന്നുമാണ് ജനീവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിഎഎന്‍എച്ച്ആര്‍ഐ സബ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്‍എച്ച്ആര്‍സിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു ശുപാര്‍ശ.

എന്‍എച്ച്ആര്‍സി നടത്തുന്ന അന്വേഷണങ്ങളില്‍ പോലിസുകാര്‍ പങ്കെടുക്കുന്നതും എന്‍എച്ച്ആര്‍സിയിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതും പക്ഷപാതിത്വത്തിന് കാരണമാവുന്നതായി മാര്‍ച്ചില്‍ നടന്ന ജിഎഎന്‍എച്ച്ആര്‍ഐ സബ് കമ്മിറ്റിയുടെ 45ാം സെഷന്‍ ചൂണ്ടിക്കാട്ടി.

എന്‍എച്ച്ആര്‍സി അംഗങ്ങളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ സുതാര്യത വേണമെന്നും ബഹുസ്വരത പ്രതിഫലിക്കണമെന്നും ശുപാര്‍ശയുണ്ട്. എല്ലാ മനുഷ്യാവകാശ ലംഘനങ്ങളും എന്‍എച്ച്ആര്‍സി പരിഗണിക്കണം. പൗരാവകാശങ്ങള്‍ ചുരുക്കപ്പെടുന്നതും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ എതിരാളികളും ലക്ഷ്യമിടപ്പെടുന്നതും എന്‍എച്ച്ആര്‍സി ശ്രദ്ധിക്കുന്നില്ല.

'' നിലവില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം നോക്കുമ്പോള്‍ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട പാരിസ് തത്വങ്ങള്‍ക്ക് അനുസൃതമായി എന്‍എച്ച്ആര്‍സിയുടെ സ്വാതന്ത്ര്യവും ഫലപ്രാപ്തിയും വേണ്ടത്ര നിലനിര്‍ത്തിയിട്ടില്ല.''-റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.

2023 മുതല്‍ എന്‍എച്ച്ആര്‍സിയെ നിരീക്ഷിക്കുകയാണെന്നും തുടര്‍ച്ചയായി രണ്ട് വര്‍ഷത്തേക്ക് സ്ഥാപനത്തിന് അംഗീകാരം നല്‍കുന്നത് മാറ്റിവച്ചിരിക്കുകയാണെന്നും റിപോര്‍ട്ട് പറയുന്നു. എന്‍എച്ച്ആര്‍സിയുടെ പദവി തരംതാഴ്ത്താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും അത് ഒരു വര്‍ഷത്തേക്ക് പ്രാബല്യത്തില്‍ വരില്ല. 2026ല്‍ നടക്കാനിരിക്കുന്ന 47ാമത് സെഷന്‍ വരെ എന്‍എച്ച്ആര്‍സി അതിന്റെ 'എ' പദവി നിലനിര്‍ത്തും. അതുവരെ പാരിസ് തത്വങ്ങളുമായി ചേരുന്ന നടപടികള്‍ സ്വീകരിക്കാന്‍ അവസരമുണ്ട്.

ജിഎഎന്‍എച്ച്ആര്‍ഐയില്‍ നിലവില്‍ 120 അംഗങ്ങളുണ്ട്. അതില്‍ 88 രാജ്യങ്ങള്‍ക്ക് 'എ' പദവിയുണ്ട്. അവ പാരീസ് തത്വങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം 32 രാജ്യങ്ങള്‍ക്ക് 'ബി' പദവിയാണുള്ളത്. ഇവ ഭാഗികമായി പാരീസ് തത്വങ്ങളുമായി പൊരുത്തപ്പെടുന്നു. 1993ല്‍ യുഎന്‍ ജനറല്‍ അസംബ്ലി പാരീസ് തത്വങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്.

മനുഷ്യാവകാശ ലംഘന കേസുകളുടെ അന്വേഷണത്തില്‍ പോലിസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സബ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നുണ്ട്. പോലിസ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലിസ് തന്നെ അന്വേഷണം നടത്തുന്നത് ശരിയല്ല.

പ്രധാനപ്പെട്ട മനുഷ്യാവകാശ കേസുകളില്‍ അര്‍ത്ഥവത്തായ തുടര്‍നടപടികള്‍ നല്‍കുന്നതില്‍ എന്‍എച്ച്ആര്‍സി പരാജയപ്പെട്ടുവെന്നും യുഎപിഎ പ്രകാരം തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അവസ്ഥ പരിശോധിക്കാന്‍ ഇടപെടുകയോ അധികാരം ഉപയോഗിക്കുകയോ ചെയ്തില്ലെന്നുമുള്ള സിവില്‍ സൊസൈറ്റിയുടെ അഭിപ്രായവും സബ് കമ്മിറ്റി പരിശോധിച്ചു.

Similar News