വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറന്നത് തേജസ്വി സൂര്യയെന്ന് റിപ്പോർട്ടുകൾ : അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
ചെന്നൈ: ഇൻഡിഗോ വിമാനത്തിൻറെ എമർജൻസി വാതിൽ തുറന്നത് ബിജെപി എംപി തേജസ്വി സൂര്യയാണെന്ന് റിപോർട്ടുകൾ. അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഡിസംബർ പത്തിന് ചെന്നൈ - തിരുച്ചിറപ്പള്ളി വിമാനത്തിലാണ് സുരക്ഷ വീഴ്ചയുണ്ടായത്.
ചെന്നെയിൽ നിന്ന് രാവിലെ പത്ത് മണിക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിലാണ് സംഭവം ഉണ്ടായത്. വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിന് തൊട്ട് മുൻപ് യാത്രക്കാരിൽ ഒരാൾ എമർജൻസി വാതിൽ തുറക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെയെല്ലാം പുറത്തിറക്കി രണ്ടര മണിക്കൂറോളം വിമാനം സുരക്ഷ പരിശോധനക്ക് വിധേയമാക്കി. ഈ വിഷയത്തിലാണ് ഒരു മാസത്തിന് ശേഷം ഡിജിസിഎ അന്വേഷണം പ്രഖ്യാപിക്കുന്നത്. എന്നാൽ എമർജൻസി വാതിൽ തുറന്നത് ബിജെപി കർണാടക എംപിയും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തേജസ്വി സൂര്യക്കൊപ്പം ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലയും ഉണ്ടായിരുന്നു.
അടിയന്തര സാഹചര്യത്തിൽ തുറക്കേണ്ട വാതിലിനെ കുറിച്ച് എയർഹോസ്റ്റസ് അതിന് തൊട്ടടുത്തിരുന്ന തേജസ്വി സൂര്യയോട് വിശദീകരിച്ചു. പിന്നാലെയാണ് എമർജൻസ് വാതിൽ തുറന്നതെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഖേദംപ്രകടിപ്പിച്ച എംപി അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ഇൻഡിഗോയ്ക്ക് എഴുതി നൽകിയതായും സഹയാത്രക്കാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നു. എന്നാൽ തേജസ്വി സൂര്യയാണോ എമർജൻസി വാതിൽ തുറന്നതെന്ന് ഡിജിസിഎയോ ഇൻഡിഗോയോ വെളുപ്പെടുത്തിയിട്ടില്ല. വിഷയത്തിൽ ബിജെപിയെ കുറ്റപ്പെടുത്തിയ കോൺഗ്രസ് സംഭവം യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതാണെന്ന് പറഞ്ഞു.