'മാലാഖ ദിന'വും കത്തുന്ന ഗസയും; ഓര്‍മകളില്‍ തിരയടിച്ച് റസാന്‍ അല്‍ നജ്ജാറിന്റെ രക്തസാക്ഷിത്വം
ബഷീര്‍ പാമ്പുരുത്തി
അറബ് മണ്ണില്‍ കൊടുംവഞ്ചനയിലൂടെ ജൂതരാഷ്ട്രം സ്ഥാപിക്കപ്പെട്ടതു മുതല്‍ ഇസ്രായേലെന്ന ജാര രാഷ്ട്രത്തിന്റെ കൊടുംക്രൂരതയില്‍ ഫലസ്തീനികളുടെ കണ്ണീരുണങ്ങിയിട്ടില്ല. സര്‍വായുധ സജ്ജരായ ജൂതരാഷ്ട്രത്തിന്റെ വിനോദമായി മാറിയ കൂട്ടക്കൊലകള്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും ഖുദ്‌സിന്റെ മക്കളുടെ ചെറുത്തുനില്‍പ്പിനു അതിനേക്കാള്‍ പ്രായമുണ്ട്. ലോകത്തെ തന്നെ അതിശയിപ്പിക്കുന്ന പ്രതിരോധനാമങ്ങളായി ഗസയും വെസ്റ്റ്് ബാങ്കുമെല്ലാം മാറിയിട്ടുണ്ടെങ്കില്‍ അതിന് ഒറ്റക്കാരണമേയുള്ളൂ-വിശ്വാസത്തിന്റെ കരുത്തും പോരാട്ടത്തിന്റെ വീര്യവുമാണത്. സര്‍വശക്തായ അല്ലാഹുവിന്റെ ഭൂമിയിലെ ഗേഹങ്ങളിലൊന്നായ ബൈത്തുല്‍ മുഖദ്ദിസ് പിടിച്ചെടുത്ത് നശിപ്പിക്കുന്ന അധിനിവേശ രാഷ്ട്രം ഇക്കുറി വിശുദ്ധ റമദാനിലാണ് തങ്ങളുടെ ചോരക്കൊതി തീര്‍ക്കുന്നത്. റമദാനിലെ ഏറ്റവും സ്രേഷ്ഠമാക്കപ്പെട്ട ദിനരാത്രങ്ങളിലൊന്നായി മുസ് ലിം ലോകം കാണുന്ന ഇരുപത്തിയേഴാം രാവില്‍ ബൈത്തുല്‍ മുഖദ്ദിസില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്കെതിരേ ഇസ്രായേല്‍ സൈന്യം നടത്തിയ നരനായാട്ടിനു പിന്നാലെ ഗസയും പരിസരങ്ങളും കത്തുകയാണ്. ലോകമാകെ വിളിച്ചുപറഞ്ഞിട്ടും തെമ്മാടി രാഷ്ട്രമായ ഇസ്രായേല്‍ ഗസയില്‍ തീതുപ്പുകയും അന്താരാഷ്ട്ര നഴ്‌സസ് ദിനം ഒന്നിച്ചെത്തുകയും ചെയ്യുമ്പോള്‍ ഓര്‍മകളില്‍ തിരയടിക്കുകയാണ് 'ഗസയിലെ മാലാഖ'യായ റസാന്‍ അല്‍ നജ്ജാറിന്റെ രക്തസാക്ഷിത്വം.
പാരാമെഡിക്കല്‍ വോളന്റിയറായ 21കാരിയ റസാന്‍ അല്‍ നജ്ജാര്‍ ഗസ പട്ടണമായ ഖാന്‍ യൂനുസില്‍ 2018 ജൂണിലെ മറ്റൊരു റമദാനിലാണ് വെടിയേറ്റ് രക്തസാക്ഷിയായത്. ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഫലസ്തീനികളുടെ മുറിവുകളില്‍ മരുന്ന് പുരട്ടാന്‍ ഓടുന്നതിനിടെ, ബദര്‍ യുദ്ധത്തിന്റെ ഓര്‍മകള്‍ നിറയുന്ന റമദാന്‍ 16ന്റെ വെള്ളിയാഴ്ച ദിനത്തിലാണ് സൈനിക വേഷമണിഞ്ഞ ഇസ്രായേല്‍ ഭീകരര്‍ ഓമനത്തം തുളുമ്പുന്ന ആ മുഖത്തു നോക്കി നെഞ്ചിലേക്ക് നിറയൊഴിച്ചത്.
കൈകള്‍ രണ്ടും എല്ലാവരും കാണുന്ന രീതിയില്‍ അവള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ വെളുത്ത യൂനിഫോം ധരിച്ച റസാന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുകയായിരുന്നു സൈന്യമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് അന്ന് റിപോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ സേനയുടെ വെടിയേറ്റ് പരിക്കേല്‍ക്കുന്നവരെ ചികില്‍സിക്കാനാണ് പാരാ മെഡിക്കല്‍ സംഘാംഗമായ നജ്ജാര്‍ ഗസ മുനമ്പിലെത്തിയത്. ദിവസങ്ങളോളം പരിക്കേറ്റവര്‍ക്ക് സാന്ത്വന സ്പര്‍ശനമോകിയ റസാന്‍ അല്‍ നജ്ജാന്‍ ഇന്നും ലോകത്തിന്റെ മനസ്സില്‍ തളംകെട്ടിയ ഓര്‍മയാണ്.
മഹാമാരിയില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന ലോകത്തിന് ആശ്വാസവും പ്രതീക്ഷയുമേകുന്ന നഴ്‌സുമാര്‍ ലോകമെങ്ങും വാഴ്ത്തപ്പെടുകയാണ്. അന്താരാഷ്ട്ര നഴ്‌സസ് ദിനമായ ഇന്ന് പാടിപ്പുകഴ്ത്തലുകള്‍ വാനോളമുയരുമ്പോള്‍, ലോകത്തിന്റെ നോവായി മാറിയ ഗസയിലെയും ഫലസ്തീനിലെയും ആ 'മാലാഖ മനസ്സി'ന്റെ രക്തസാക്ഷിത്വത്തെ കുറിച്ചും നമുക്ക് കാവ്യങ്ങളെഴുതാം...
International nurses day: Remembering Razn al najjar in Gaza