ഐ ഫോണ്‍ വിവാദം; യൂനിടാക് എംഡി സന്തോഷ് ഈപ്പന് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസ്

Update: 2020-10-05 06:44 GMT
തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് തനിക്ക് ഐ ഫോണ്‍ നല്‍കിയെന്ന യൂനിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി വ്യാജമാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചു. 15 ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും കുറഞ്ഞത് മൂന്ന് പ്രധാന മാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രസിദ്ധീകരിക്കണമെന്നും നോട്ടീസില്‍ വ്യക്തമാത്തി. അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി ആസഫലി മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

   

    അതേസമയം, തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സന്തോഷ് ഈപ്പനും തമ്മിലുള്ള ബന്ധമാണെന്നും ഇവരുടെ തിരക്കഥയാണെന്നും ചെന്നിത്തല പറഞ്ഞു. മാന്യമായി ജീവിക്കുന്ന ആളെ അപമാനിക്കുന്നതിനു ഒരു അതിരില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഫോണ്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ആളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല പോലിസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് തടസ്സമുണ്ടെന്ന മറുപടി ലഭിച്ചതിനാനാണ് നിയമനടപടിക്കു മുതിര്‍ന്നത്. ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ. അന്വേഷണത്തിനെതിരേ ഹൈക്കോടതയില്‍ നല്‍കിയ ഹര്‍ജിയിലാണ് യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന് സ്വപ്ന വഴി ഐ ഫോണ്‍ നല്‍കിയെന്നാണ് യൂനിടാക് എംഡി സന്തോഷ് ഈപ്പന്‍ വ്യക്തമാക്കിയത്.

IPhone controversy; Chennithala sent the lawyer notice to Unitac MD Santosh Eepan




Tags:    

Similar News