
മസ്‌കത്ത്: ഇറാന്റെ അണവപദ്ധതികളുമായി ബന്ധപ്പെട്ട ഇറാന്‍-യുഎസ് ചര്‍ച്ച ഇന്ന് ഒമാനില്‍ നടക്കും. ഒമാന്റെ തലസ്ഥാനമായ മസ്‌കത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇറാനെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പങ്കെടുക്കുക. പശ്ചിമേഷ്യന്‍ സെക്രട്ടറിയായ സ്റ്റീവ് വിറ്റ്‌കോഫും സംഘവുമാണ് യുഎസിനെ പ്രതിനിധീകരിക്കുക. ഒമാന്‍ വിദേശകാര്യമന്ത്രി ബദല്‍ ബുസൈദി മധ്യസ്ഥനാവും. ആണവായുധമുണ്ടാക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന് ചര്‍ച്ചയ്ക്ക് മുമ്പ് സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. തുറന്ന മനസോടെയും ജാഗ്രതയോടെയുമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മാഈല്‍ ബാഗി പറഞ്ഞു.
യുഎസിന്റെ ഭാഗത്തുനിന്ന് ഭീഷണിയോ വിരട്ടലോ ഉണ്ടായില്ലെങ്കില്‍ ചര്‍ച്ച ഫലപ്രദമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി മജീദ് തഖ്‌തെ റവാഞ്ചി പറഞ്ഞു. ഇറാന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതികളുമായി ബന്ധപ്പെട്ട കരാറില്‍ നിന്നും നേരത്തെ യുഎസ് പിന്‍മാറിയിരുന്നു. ആണവായുധം നിര്‍മിക്കാന്‍ പാകത്തിലുള്ള യുറേനിയം ഇറാന്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും കരാറില്‍ തുടരുന്നതു കൊണ്ടു കാര്യമില്ലെന്നുമായിരുന്നു കാരണമായി പറഞ്ഞത്.