ഇരുമ്പ് യുഗം തുടങ്ങിയത് തമിഴ്‌നാട്ടില്‍; രാജ്യത്തിന്റെ ചരിത്രം തമിഴ്‌നാടിന്റെ വീക്ഷണത്തില്‍ എഴുതണമെന്ന് സ്റ്റാലിന്‍

ചെന്നൈ: മനുഷ്യചരിത്രത്തിലെ അതീവനിര്‍ണായക ഘട്ടമായ ഇരുമ്പുയുഗം തുടങ്ങിയത് തമിഴ്‌നാട്ടിലാണെന്ന് കണ്ടെത്തി. ക്രി.മു 3,345ല്‍ വര്‍ഷം മുന്‍പു തന്നെ ഇന്നത്തെ തമിഴ്‌നാടിന്റെ വിവിധപ്രദേശങ്ങളില്‍ ഇരുമ്പ് ഉപയോഗം ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശിവഗലൈ, കൊടുമനാല്‍, അടിച്ചനല്ലൂര്‍, മയിലാടും പാറൈ, കിളിനമണ്ഡി തുടങ്ങിയ പ്രദേശങ്ങളില്‍ ലോഹസംസ്‌കരണശാസ്ത്രം വികസിച്ചിരുന്നതായാണ് പഠനം പറയുന്നത്.
ക്രി.മു 1,500-2,000നും ഇടയില്‍, സിന്ധു നദീതടസംസ്‌കാരത്തിന് ശേഷം, ഇരുമ്പുയുഗം തുടങ്ങിയെന്ന മുന്‍ ധാരണ തിരുത്തുന്നതാണ് പുതിയ കണ്ടെത്തല്‍. അനാട്ടോളിയയില്‍ ക്രി.മു 1,300ല്‍ ഇരുമ്പ് സാങ്കേതികവിദ്യ വികസിച്ചുവെന്ന ധാരണയും പുതിയ കണ്ടെത്തല്‍ തിരുത്തുന്നു.
ശിവഗലൈ, അടിച്ചനല്ലൂര്‍, മയിലാടും പാറൈ, കിളിനമണ്ഡി എന്നീ പുരാവസ്തു ഗവേഷണപ്രദേശങ്ങളില്‍ നിന്നെടുത്ത സാമ്പിളുകള്‍ പരിശോധിച്ചാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. കൊടുമനാല്‍, ചെട്ടിപ്പാളയം, പെരുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഇരുമ്പ് ഉരുക്കുന്ന ചൂളകളും കണ്ടെത്തിയിട്ടുണ്ട്. കൊടുമനാലില്‍ കണ്ടെത്തിയ വട്ടത്തിലുള്ള ചൂള 1,300 ഡിഗ്രി സെല്‍ഷ്യസ് ചൂടുവരെ താങ്ങുമായിരുന്നു. ഇത് സ്‌പോഞ്ച് അയണ്‍ നിര്‍മിക്കാന്‍ സഹായിക്കുന്നതായിരുന്നു. വടക്കേ ഇന്ത്യയിലെ ചെമ്പ് യുഗവും തമിഴ്‌നാട്ടിലെ ഇരുമ്പുയുഗവും ഏറെക്കുറെ ഒരേകാലത്തായിരുന്നു.
തമിഴ്‌നാട്ടിലെ കണ്ടെത്തലുകള്‍ 'ദി ആന്റിക്വിറ്റി ഓഫ് അയണ്‍' എന്ന പേരില്‍ പുസ്തകമായി സമാഹരിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. മനുഷ്യവര്‍ഗത്തിന് തമിഴ്‌നാട് നല്‍കിയ മഹത്തായ സംഭാവനയാണിതെന്നും രാജ്യത്തിന്റെ ചരിത്രം തമിഴ്‌നാടിന്റെ വീക്ഷണത്തില്‍ എഴുതേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.