രാജസ്ഥാനില്‍ വീണ്ടും ക്രൂരത; ദലിത് യുവാവിന് പിന്നാലെ മുസ്‌ലിം യുവാവിന് ക്രൂരമര്‍ദ്ദനം; സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കുത്തിക്കയറ്റി

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ ജനുവരി 29നാണ് സംഭവം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഇരയാക്കപ്പെട്ട യുവാവിന്റെ സഹോദരന്‍ പോലിസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

Update: 2020-02-21 12:52 GMT

ജയ്പൂര്‍: മോഷണം ആരോപിച്ച് ദലിത് യുവാവിന്റെ മലദ്വാരത്തില്‍ പെട്രോളില്‍ മുക്കിയ സ്‌ക്രൂ ഡ്രൈവര്‍ കുത്തിക്കയറ്റിയ ക്രൂരതയുടെ ഞെട്ടല്‍ വിട്ടും മാറും മുമ്പെ രാജസ്ഥാനില്‍ നിന്ന് തന്നെ സമാനമായ മറ്റൊരു വാര്‍ത്തകൂടി. 22കാരനായ മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ഇരുമ്പുദണ്ഡ് സ്വകാര്യഭാഗത്ത് അടിച്ചു കയറ്റുകയും ചെയ്‌തെന്നാണ് പരാതി.

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ ജനുവരി 29നാണ് സംഭവം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഇരയാക്കപ്പെട്ട യുവാവിന്റെ സഹോദരന്‍ പോലിസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

ദലിത് യുവാവിന്റെ മലദ്വാരത്തില്‍ സ്‌ക്രൂ ഡ്രൈവര്‍ കുത്തിക്കയറ്റിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ സംഭവവും അരങ്ങേറിയിട്ടുള്ളത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് എന്നാരോപിച്ചാണ് മൂന്നു പേര്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി ആക്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവാവിന്റെ സഹോദരന്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയത്.തന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയുടെ ഉളളടക്കം. മൂന്നംഗ സംഘം വിജനമായ സ്ഥലത്തു ബലമായി കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഇരുമ്പുദണ്ഡ് സ്വകാര്യഭാഗത്ത് കുത്തിക്കയറ്റിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യം യുവാവ് വീട്ടില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ ആക്രമണത്തിന്റെ വീഡിയോ വൈറലായതോടെ, പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തതായി പോലിസ് പറയുന്നു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

Tags:    

Similar News