
തെല്‍ അവീവ്: സ്വതന്ത്ര ഫലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുമെന്ന ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ പ്രസ്താവനക്ക് പിന്നാലെ 27 ഫ്രെഞ്ച് എംപിമാര്‍ക്കുള്ള വിസ പിന്‍വലിച്ച് ഇസ്രായേല്‍ സര്‍ക്കാര്‍. ഇസ്രായേല്‍ അധിനിവേശത്തിന് കീഴിലുള്ള വെസ്റ്റ്ബാങ്ക് സന്ദര്‍ശിക്കാനുള്ള വിസയാണ് ഇസ്രായേലി സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. ഇസ്രായേലി അധിനിവേശത്തെ കുറിച്ച് ഫ്രാന്‍സ് നിലപാട് മാറ്റുന്നതാണ് നടപടിക്ക് കാരണം. ഏപ്രില്‍ 24 വരെ വെസ്റ്റ്ബാങ്ക് സന്ദര്‍ശിക്കാനായിരുന്നു ഫ്രാന്‍സിലെ ഗ്രീന്‍-കമ്മ്യൂണിസ്റ്റ് എംപിമാരുടെ തീരുമാനം. പ്രസിഡന്റിന്റെ നിലപാടിന് ഫ്രെഞ്ചുകാരെ കൂട്ടത്തോടെ ശിക്ഷിക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടി. ''ഞങ്ങള്‍ റാമല്ലയിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പാണ് വിസ റദ്ദാക്കിയത്. ഇത് ഫ്രാന്‍സുമായുള്ള നയതന്ത്രബന്ധം ഇസ്രായേല്‍ വിഛേദിച്ചു എന്നതിന്റെ തെളിവാണ്.''-എംപിമാര്‍ പറഞ്ഞു.
സ്വതന്ത്ര ഫലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുമെന്ന മാക്രോണിന്റെ പ്രസ്താവനയെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നെതന്യാഹുവിന്റെ മകന്‍ യെയര്‍ മാക്രോണിനെതിരെ അശ്ലീല പോസ്റ്റിടുകയും ചെയ്തു.