ഹമാസ് ആക്രമണം ശൂന്യതയില്‍നിന്നുണ്ടായതല്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍; രാജി ആവശ്യവുമായി ഇസ്രായേല്‍

Update: 2023-10-25 02:26 GMT
ന്യൂയോര്‍ക്ക്: യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇസ്രായേലിനെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടെറസ്. കഴിഞ്ഞ 56 വര്‍ഷമായി ഫലസ്തീന്‍ ജനത തങ്ങളുടെ ഭൂമിയില്‍ അധിനിവേശത്താല്‍ വീര്‍പ്പുമുട്ടി കഴിയുകയാണെന്നും ഒക്ടോബര്‍ ഏഴിന് ഇസ്രായേലിന് നേരെയുണ്ടായ ഹമാസ് ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടെറസ് പറഞ്ഞു. അതേസമയം, വിമര്‍ശനത്തില്‍ പ്രകോപിതരായ ഇസ്രായേല്‍ അംബാസഡര്‍ ഗിലഡ് എര്‍ദാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടെറസ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സംസാരിക്കുന്നതിനിടെയാണ് ഇസ്രായേലിനെ രൂക്ഷമായി വിമര്‍ശിച്ച് ഗുട്ടെറസ് രംഗത്തെത്തിയത്. ഹമാസിന്റെ ആക്രമണങ്ങള്‍ ഒരു ശൂന്യതയിലല്ല സംഭവിച്ചതെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഫലസ്തീന്‍ ജനത 56 വര്‍ഷമായി വീര്‍പ്പുമുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരാവുന്നു. തങ്ങളുടെ ഭൂമി ഒത്തുതീര്‍പ്പില്‍ കൂടിയും ആക്രമണത്തില്‍ കൂടിയും വീതംവയ്ക്കുന്നത് അവര്‍ കണ്ടു. അവരുടെ സമ്പദ് വ്യവസ്ഥ സ്തംഭിച്ചു. ജനങ്ങള്‍ കുടിയിറക്കപ്പെട്ടു. വീടുകള്‍ തകര്‍ക്കപ്പെട്ടു. രാഷ്ട്രീയപരമായ പരിഹാരം ഉണ്ടാവുമെന്ന പ്രതീക്ഷകള്‍ അവര്‍ക്ക് അസ്തമിച്ചതായും ഗുട്ടെറസ് പറഞ്ഞു.

    ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ഗുട്ടെറസ് പറഞ്ഞു. ആ ആക്രമണത്തിന്റെ പേരില്‍ ഫലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതും ന്യായീകരിക്കാനാവില്ല. ഇസ്രായേല്‍ അന്താരാഷ്ട്ര നിയമം ലംഘിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് ഗസയില്‍ കാണുന്നത്. ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണിത്. ഒരുകാര്യം വ്യക്തമായി പറയാന്‍ ഉദ്ദേശിക്കുന്നു; 'സായുധപോരാട്ടത്തില്‍ അന്താരാഷ്ട്ര മാനുഷികനിയമത്തിനു മുന്നില്‍ ഒരു കക്ഷിയും അതീതരല്ലെന്നും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.

    എന്നാല്‍, ഗുട്ടെറസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുഎന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേല്‍ അംബാസഡര്‍ ഗിലഡ് എര്‍ദാന്‍ രംഗത്തെത്തിയത്. ഇസ്രായേല്‍ ജനതയ്ക്ക് നേരെ നടത്തിയ ഭീകര പ്രവര്‍ത്തനത്തെ ഒരു നിലയ്ക്കും ന്യായീകരിക്കാനാവില്ലെന്നും ഗുട്ടെറസ് ഉടന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

Tags:    

Similar News