കസ്റ്റഡിയിലുള്ള യുഎസ് പൗരന്റെ വെസ്റ്റ്ബാങ്കിലെ ഭവനം ഇസ്രായേല്‍ തകര്‍ത്തു
അമേരിക്കന്‍ പൗരത്വമുള്ള മുംതസില്‍ ഷലബിയുടെ വെസ്റ്റ്ബാങ്കിലെ റാമല്ലയിലുള്ള ഇരുനില ഭവനമാണ് അധിനിവേശ സൈന്യം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്.
ജറുസലേം: ഇസ്രായേല്‍ പൗരന്‍ കൊല്ലപ്പെടുകയും രണ്ടും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വെടിവയ്പില്‍ ആരോപണ വിധേയനായ ഫലസ്തീന്‍- അമേരിക്കന്‍ പൗരന്റെ കുടുംഭവനം ഇസ്രായേല്‍ സൈന്യം തകര്‍ത്തു. അമേരിക്കന്‍ പൗരത്വമുള്ള മുംതസില്‍ ഷലബിയുടെ വെസ്റ്റ്ബാങ്കിലെ റാമല്ലയിലുള്ള ഇരുനില ഭവനമാണ് അധിനിവേശ സൈന്യം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്.
ഇസ്രയേല്‍ വിദ്യാര്‍ത്ഥി യഹൂദ ഗ്വേട്ട വെടിയേറ്റ് മരിച്ച സംഭവത്തിലാണ് അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലി മിലിട്ടറി കോടതി കഴിഞ്ഞ മെയില്‍ ഷലബിയെ പ്രതി ചേര്‍ത്തത്.
ഏഴു വയസ്സുകാരന്റെ പിതാവായ താന്‍ വര്‍ഷത്തില്‍ ഭൂരിഭാഗവും യുഎസിലാണ് ചെലവഴിക്കുന്നതെന്നും വേനല്‍കാലത്ത് മാത്രമാണ് അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ സന്ദര്‍ശനത്തിനെത്തിയതെന്നും ചൂണ്ടിക്കാട്ടി വീട് പൊളിക്കുന്നതിനെതിരേ ശലബി ഇസ്രായേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഒരു ഇസ്രായേലി മനുഷ്യാവകാശ സംഘവും ശലബിയുടെ കുടുംബ ഭവനം തകര്‍ക്കുന്നതിനെതിരേ അപ്പീല്‍ നല്‍കിയിരുന്നു. ശലബി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നും മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നയാളാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്.
കോടതി അപ്പീല്‍ തള്ളിയതിനു പിന്നാലെയാണ് തുര്‍മുസയ്യയിലെ അവരുടെ ഇരു നില വീട് നിയന്ത്രിത സ്‌ഫോടനത്തിലൂടെ അധിനിവേശ സൈന്യം തകര്‍ത്തത്.
അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ ഈ ശിക്ഷാ മുറയെ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ ശക്തമായി അപലപിച്ചു.